
ദോഹ: ഭാരതീയ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഖത്തറിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ മുംബൈയിൽ നടന്ന രാജ്യാന്തര യാത്രാ മേളയായ ഒ.ടി.എം (OTM) 2026-ൽ 'വിസിറ്റ് ഖത്തർ' കരുത്തുതെളിയിച്ചു. ഫെബ്രുവരി 5 മുതൽ 7 വരെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ ഇന്ത്യൻ ട്രാവൽ ഏജൻസികളുമായും പ്രമുഖ ബുക്കിംഗ് പോർട്ടലുകളുമായും വിസിറ്റ് ഖത്തർ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.
ഇന്ത്യയിലെ പ്രമുഖ സംഘടനകളായ TAAI (ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ), OTOAI (ഔട്ട്‌ബൗണ്ട് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ), പ്രമുഖ ട്രാവൽ പോർട്ടലായ ക്ലിയർട്രിപ്പ് എന്നിവയുമായാണ് ധാരണാപത്രങ്ങൾ ഒപ്പിട്ടത്.വെറുമൊരു സ്റ്റോപ്പ് ഓവർ കേന്ദ്രം എന്നതിലുപരി, കൂടുതൽ ദിവസങ്ങൾ തങ്ങാൻ സാധിക്കുന്ന സ്വതന്ത്ര വിനോദസഞ്ചാര കേന്ദ്രമായി ഖത്തറിനെ ഉയർത്തുകയാണ് കരാർ ലക്ഷ്യം വയ്ക്കുന്നത്.ആഡംബര വിവാഹങ്ങൾക്കും ഹണിമൂൺ യാത്രകൾക്കും ഖത്തറിലെ സൗകര്യങ്ങൾഎന്നിവയെ പരിചയപ്പെടുത്തുന്നതാണ് പവിലിയൻ.രാജ്യാന്തര കോൺഫറൻസുകൾക്കും മീറ്റിംഗുകൾക്കുമായി ഖത്തറിലെ അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിക്കുകകൂടി ലക്ഷ്യ മിടുന്നതാണ് കരാർ.
ഇന്ത്യയിലെ 13 പ്രധാന നഗരങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഖത്തറിലേക്കുള്ള യാത്ര എളുപ്പമാക്കുന്നുവെന്ന് വിസിറ്റ് ഖത്തർ പി.ആർ ഡയറക്ടർ ജാസിം അൽ മഹ്മൂദ് ചൂണ്ടിക്കാട്ടി. ഖത്തർ എയർവേയ്‌സ് ഉൾപ്പെടെ 14 പ്രമുഖ ഹോട്ടൽ ശൃംഖലകളും ടൂർ ഓപ്പറേറ്റർമാരും ഉൾപ്പെട്ട വമ്പിച്ച പവലിയനാണ് മുംബൈയിൽ ഒരുക്കിയിരുന്നത്.
ജനുവരിയിൽ ഇന്ത്യയിൽ നടത്തിയ വിജയകരമായ റോഡ് ഷോകൾക്ക് പിന്നാലെയാണ് മുംബൈയിലെ ഈ പങ്കാളിത്തം. കുടുംബങ്ങൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും ഒരുപോലെ സുരക്ഷിതവും ആകർഷകവുമായ രാജ്യമാണ് ഖത്തറെന്ന സന്ദേശമാണ് വിസിറ്റ് ഖത്തർ ഈ മേളയിലൂടെ നൽകിയത്.











