
ദോഹ: ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തിനിടെ ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളുടെയും ഖത്തറിന്റെ ശക്തമായ തിരിച്ചടിയുടെയും കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അൽ ജസീറയുടെ 'ഓൺ ദി ഫ്രണ്ട് ലൈൻ' എന്ന അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് നിർണ്ണായകമായ സൈനിക-സാമ്പത്തിക വിവരങ്ങൾ പുറത്തുവിട്ടത്.യുദ്ധത്തിൻ്റെ ആദ്യ ദിവസങ്ങളിൽ ഖത്തർ വ്യോമാതിർത്തി ലംഘിച്ച ഇറാൻ്റെ രണ്ട് സുഖോയ്-24 (SU-24) യുദ്ധവിമാനങ്ങളെ ഖത്തർ എമിരി എയർഫോഴ്സ് വെടിവെച്ചിട്ടു. മാർച്ച് രണ്ടിന് നടന്ന ഈ ആകാശപ്പോരാട്ടത്തിൽ വിമാനങ്ങൾക്ക് പുറമെ ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും ഖത്തർ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.ഖത്തറിൻ്റെ ഊർജ്ജ സിരാകേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതുമൂലം ഖത്തറിൻ്റെ കയറ്റുമതി ശേഷിയിൽ 17 ശതമാനം കുറവുണ്ടായി. വാർഷിക വരുമാനത്തിൽ ഏകദേശം 20 ബില്യൺ ഡോളറിൻ്റെ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നഷ്ടമാണ് കണക്കാക്കുന്നത്.ഖത്തർ എനർജിയുടെയും എക്സോൺ മൊബീലിൻ്റെയും സംയുക്ത സംരംഭങ്ങളായ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ഉത്പാദന ലൈനുകൾ (ലൈൻ 4, ലൈൻ 6) ആക്രമണത്തിൽ തകർന്നു. ഇവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ അഞ്ച് വർഷത്തോളം എടുത്തേക്കാം. ഇത് യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളെ ബാധിക്കുമെന്ന് ഉറപ്പായി.
ഖത്തറിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന്, ദോഹയിലെ ഇറാനിയൻ എംബസിയിലെ മിലിട്ടറി-സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മാർച്ച് 18-ന് ഖത്തർ പുറത്താക്കി (Persona non grata).
അമേരിക്കൻ-ഇസ്രായേൽ നീക്കങ്ങൾക്ക് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഇറാൻ ഖത്തറിനെ യുദ്ധഭൂമിയാക്കി മാറ്റിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഖത്തർ എമിരി നേവിയും എയർഫോഴ്സും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.











