
ദോഹ: ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) 2026-ലെ ആഗോള ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് സൂചികയിൽ വൻ കുതിപ്പുമായി ഖത്തർ. മുൻ വർഷത്തെ റിപ്പോർട്ടിനെ അപേക്ഷിച്ച് സൂചികയിൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഖത്തർ, ആഗോളതലത്തിൽ 47-ാം റാങ്ക് നേടി. മിഡിൽ ഈസ്റ്റ് മേഖലയിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിച്ച രാജ്യമെന്ന നേട്ടവും ഇതോടെ ഖത്തറിന് സ്വന്തമായി. മൊത്തം പോയിന്റിൽ 6 ശതമാനത്തിന്റെ വർധനവാണ് ഖത്തർ രേഖപ്പെടുത്തിയത്.വിനോദസഞ്ചാരികൾക്കുള്ള 'വിലക്കയറ്റ നിയന്ത്രണത്തിലും കുറഞ്ഞ വിനോദസഞ്ചാരച്ചെലവിലും' (Price Competitiveness) ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തർ. ഈ വിഭാഗത്തിൽ 49 ശതമാനത്തിന്റെ ചരിത്രപരമായ വർധനവാണ് ഖത്തർ നേടിയത്. മികച്ച സേവനവും ആകർഷകമായ നിരക്കുകളും വിനോദസഞ്ചാരികൾക്ക് ഉറപ്പാക്കുന്നതിൽ ഖത്തർ കൈവരിച്ച വൻ വിജയമാണ് ഇത് വ്യക്തമാക്കുന്നത്.
കൂടാതെ, വിനോദസഞ്ചാരികൾക്കുള്ള സുഗമമായ പ്രവേശന നയങ്ങളും ലളിതമായ വിസ നടപടികളും മുൻനിർത്തി തയാറാക്കിയ 'ഓപ്പൺനസ് ടൂ ട്രാവൽ ആൻഡ് ടൂറിസം' (Openness to Travel and Tourism) വിഭാഗത്തിൽ ആഗോളതലത്തിൽ രണ്ടാമത്തെ മികച്ച മുന്നേറ്റം ഖത്തർ സ്വന്തമാക്കി. 12 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ കൈവരിച്ചത്.
പട്ടികയിൽ ഉൾപ്പെടുത്തിയ 110 ലോക രാജ്യങ്ങളിൽ 4.23 സ്കോറോടെയാണ് ഖത്തർ 47-ാം സ്ഥാനത്തെത്തിയത്. മിഡിൽ ഈസ്റ്റ്-ഉത്തരാഫ്രിക്കൻ (MENA) മേഖലയിലെ ശരാശരി സ്കോർ 3.98 ആണെന്നിരിക്കെയാണ് ഖത്തറിന്റെ ഈ തിളക്കമാർന്ന മുന്നേറ്റം. ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ, സൗദി അറേബ്യ എന്നിവയ്ക്ക് തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്താണ് ഖത്തർ.
കോവിഡാനന്തര പുനരുദ്ധാരണ ഘട്ടത്തിൽ നിന്ന് സുസ്ഥിര വിനോദസഞ്ചാര വളർച്ചയിലേക്ക് ആഗോള ടൂറിസം മേഖല ചുവടുവെക്കുന്ന ഘട്ടത്തിലാണ് ഖത്തറിന്റെ ഈ അന്താരാഷ്ട്ര അംഗീകാരം.










