04:49am 12 October 2026
NEWS
ടൂറിസം സൂചികയിൽ വൻകുതിച്ചുചാട്ടവുമായിഖത്തർ
11/10/2026  03:42 PM IST
nila
ടൂറിസം സൂചികയിൽ വൻകുതിച്ചുചാട്ടവുമായിഖത്തർ

 

​ദോഹ: ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) 2026-ലെ ആഗോള ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് സൂചികയിൽ വൻ കുതിപ്പുമായി ഖത്തർ. മുൻ വർഷത്തെ റിപ്പോർട്ടിനെ അപേക്ഷിച്ച് സൂചികയിൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഖത്തർ, ആഗോളതലത്തിൽ 47-ാം റാങ്ക് നേടി. മിഡിൽ ഈസ്റ്റ് മേഖലയിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിച്ച രാജ്യമെന്ന നേട്ടവും ഇതോടെ ഖത്തറിന് സ്വന്തമായി. മൊത്തം പോയിന്റിൽ 6 ശതമാനത്തിന്റെ വർധനവാണ് ഖത്തർ രേഖപ്പെടുത്തിയത്.​വിനോദസഞ്ചാരികൾക്കുള്ള 'വിലക്കയറ്റ നിയന്ത്രണത്തിലും കുറഞ്ഞ വിനോദസഞ്ചാരച്ചെലവിലും' (Price Competitiveness) ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തർ. ഈ വിഭാഗത്തിൽ 49 ശതമാനത്തിന്റെ ചരിത്രപരമായ വർധനവാണ് ഖത്തർ നേടിയത്. മികച്ച സേവനവും ആകർഷകമായ നിരക്കുകളും വിനോദസഞ്ചാരികൾക്ക് ഉറപ്പാക്കുന്നതിൽ ഖത്തർ കൈവരിച്ച വൻ വിജയമാണ് ഇത് വ്യക്തമാക്കുന്നത്.
​കൂടാതെ, വിനോദസഞ്ചാരികൾക്കുള്ള സുഗമമായ പ്രവേശന നയങ്ങളും ലളിതമായ വിസ നടപടികളും മുൻനിർത്തി തയാറാക്കിയ 'ഓപ്പൺനസ് ടൂ ട്രാവൽ ആൻഡ് ടൂറിസം' (Openness to Travel and Tourism) വിഭാഗത്തിൽ ആഗോളതലത്തിൽ രണ്ടാമത്തെ മികച്ച മുന്നേറ്റം ഖത്തർ സ്വന്തമാക്കി. 12 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ കൈവരിച്ചത്.
​പട്ടികയിൽ ഉൾപ്പെടുത്തിയ 110 ലോക രാജ്യങ്ങളിൽ 4.23 സ്കോറോടെയാണ് ഖത്തർ 47-ാം സ്ഥാനത്തെത്തിയത്. മിഡിൽ ഈസ്റ്റ്-ഉത്തരാഫ്രിക്കൻ (MENA) മേഖലയിലെ ശരാശരി സ്കോർ 3.98 ആണെന്നിരിക്കെയാണ് ഖത്തറിന്റെ ഈ തിളക്കമാർന്ന മുന്നേറ്റം. ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ, സൗദി അറേബ്യ എന്നിവയ്ക്ക് തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്താണ് ഖത്തർ.
​കോവിഡാനന്തര പുനരുദ്ധാരണ ഘട്ടത്തിൽ നിന്ന് സുസ്ഥിര വിനോദസഞ്ചാര വളർച്ചയിലേക്ക് ആഗോള ടൂറിസം മേഖല ചുവടുവെക്കുന്ന ഘട്ടത്തിലാണ് ഖത്തറിന്റെ ഈ അന്താരാഷ്ട്ര അംഗീകാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img