
ദോഹ/ന്യൂയോർക്ക്: ഫലസ്തീൻ പ്രശ്നത്തിന് നീതിപൂർവ്വവും സമഗ്രവും ശാശ്വതവുമായ ഒരു സമാധാന പരിഹാരം ഉണ്ടാകണമെങ്കിൽ, 1948-ലെ 'നക്ബ' (അധിനിവേശത്തിലൂടെ പലായനം ചെയ്യേണ്ടി വന്ന മഹാവിപത്ത്) അന്താരാഷ്ട്ര സമൂഹം ഔദ്യോഗികമായി അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഖത്തർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന നക്ബയുടെ 78-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക യോഗത്തിലാണ് ഖത്തർ തങ്ങളുടെ ശക്തമായ നിലപാട് ആവർത്തിച്ചത്.
യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ് ആലിയ അഹമ്മദ് ബിൻ സൈഫ് അൽഥാനിയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പ്രസ്താവന നടത്തിയത്. നക്ബയുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുസഭയുടെ പ്രമേയം (Resolution 79/82) പാസാക്കുന്നതിൽ മുൻകൈയെടുത്ത രാജ്യങ്ങളിൽ ഒന്നാകാൻ കഴിഞ്ഞതിൽ ഖത്തർ അഭിമാനിക്കുന്നുവെന്ന് അവർ പറഞ്ഞു.കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കുക, അധിനിവേശവും കുടിയേറ്റങ്ങളും പൂർണ്ണമായി അവസാനിപ്പിക്കുക, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ അഭയാർത്ഥികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവകാശം ഉറപ്പാക്കുക എന്നിവയാണ് ശാശ്വത പരിഹാരത്തിനായി ഖത്തർ മുന്നോട്ട് വെക്കുന്നത്.
ഇതിനൊപ്പം, ഫലസ്തീൻ ജനതയ്ക്കായി സേവനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ റിലീഫ് ഏജൻസിയായ 'അൺറവ'യ്ക്ക് (UNRWA) രാഷ്ട്രീയവും നയതന്ത്രപരവും സാമ്പത്തികവുമായ എല്ലാ പിന്തുണയും ഖത്തർ തുടരുമെന്നും ശൈഖ് ആലിയ അഹമ്മദ് ബിൻ സൈഫ് അൽഥാനി അറിയിച്ചു.










