
ദോഹ: ഖത്തറിന്റെ അന്താരാഷ്ട്ര സാംസ്കാരിക കൈമാറ്റ പദ്ധതിയായ 'ഇയേഴ്സ് ഓഫ് കൾച്ചറി'ന്റെ (Years of Culture) 2030 വരെയുള്ള പങ്കാളിത്ത രാജ്യങ്ങളെ പ്രഖ്യാപിച്ചു. 2027-ൽ ഈജിപ്തും ഗ്രീസുമായിരിക്കും ഖത്തറിന്റെ സാംസ്കാരിക പങ്കാളികൾ. തുടർന്നുള്ള വർഷങ്ങളിൽ ഇറ്റലി (2028), നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് (2029), പോർച്ചുഗൽ, സ്പെയിൻ (2030) എന്നീ രാജ്യങ്ങളുമായി ചേർന്നാണ് പദ്ധതി ആഘോഷിക്കുക.
പതിനഞ്ചാമത് പതിപ്പിലെത്തിനിൽക്കുന്ന ഇയേഴ്സ് ഓഫ് കൾച്ചർ പദ്ധതിയിലൂടെ വിവിധ രാജ്യങ്ങളുമായുള്ള സൗഹൃദം ശക്തമാക്കാൻ സാധിച്ചതായി 'ഇയേഴ്സ് ഓഫ് കൾച്ചർ' ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ ബിന്ത് ഹമദ് അൽതാനി പറഞ്ഞു. ഖത്തറിന്റെ സർഗ്ഗാത്മക മേഖലയ്ക്കും സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും ഈ പങ്കാളിത്തങ്ങൾ വലിയ പിന്തുണ നൽകുന്നുണ്ട്. മെഡിറ്ററേനിയൻ, യൂറോപ്യൻ രാജ്യങ്ങളുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം കൂടുതൽ ആഴമുള്ളതാക്കാൻ പുതിയ ഘട്ടം സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
കല, പൈതൃകം, ഭക്ഷണം, സംഗീതം, കായികം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ മേഖലകളിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കാൻ 2012-ലാണ് 'ഇയേഴ്സ് ഓഫ് കൾച്ചർ' ആരംഭിച്ചത്.










