
ദോഹ/നികോഷ്യ:മധ്യപൂർവേഷ്യൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തർ നൽകുന്ന പിന്തുണയെയും നിർണ്ണായക പങ്കിനെയും പ്രശംസിച്ച് സൈപ്രസ് പ്രസിഡന്റ് ഡോ. നികോസ് ക്രിസ്റ്റോഡൗലിഡസ്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈപ്രസിലെ ഖത്തർ അംബാസഡർ യൂസഫ് സുൽത്താൻ ലാറം ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈപ്രസിലെ പ്രമുഖ ഉദ്യോഗസ്ഥരും വിവിധ അറബ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തറിനും മറ്റ് ഗൾഫ്-അറബ് രാജ്യങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ സൈപ്രസ് പ്രസിഡന്റ് ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം മിഡിൽ ഈസ്റ്റിലെ ചലനങ്ങൾ സൈപ്രസിനെ നേരിട്ട് ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ സൈപ്രസ് സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ സൈപ്രസ് അധ്യക്ഷപദവി കാലയളവിൽ, യൂറോപ്യൻ യൂണിയനും മിഡിൽ ഈസ്റ്റ്-അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഖത്തറും സൈപ്രസും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കേണ്ടതിന്റെയും ഉന്നതതല സന്ദർശനങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഖത്തറിനെതിരെ ഉണ്ടായ ആക്രമണങ്ങളിൽ സൈപ്രസ് പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും ഖത്തർ അംബാസഡർ യൂസഫ് സുൽത്താൻ ലാറം പ്രസിഡന്റിനോട് നന്ദി രേഖപ്പെടുത്തി. ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സൈപ്രസ് പ്രസിഡന്റ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.











