
ദോഹ: പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച കൂറ്റൻ ശില്പത്തിലൂടെ ലോക ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി ഖത്തർ. ഖത്തർ മ്യൂസിയംസിന്റെ ഭാഗമായ അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ ഒരുക്കിയ 'ഖമ' (Qamaa) എന്ന പേപ്പർ-മാഷെ (papier-mâché) ശില്പമാണ് ലോകത്തിലെ ഏറ്റവും വലിയ പേപ്പർ നിർമ്മിതി എന്ന റെക്കോർഡിലേക്ക് മത്സരിക്കുന്നത്. ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ സാമൂഹിക കലാ സംരംഭം സംഘടിപ്പിച്ചത്.
ഈന്തപ്പന അവശിഷ്ടങ്ങളും ഉപയോഗിച്ച പേപ്പറുകളും ഉൾപ്പെടെയുള്ള പുനരുപയോഗ യോഗ്യമായ വസ്തുക്കൾ ശേഖരിച്ചാണ് ഈ ഭീമാകാരമായ ശില്പം പൂർത്തിയാക്കിയത്. മാലിന്യങ്ങൾ ശേഖരണ സമയത്ത് തന്നെ തരംതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഉപയോഗശൂന്യമായ വസ്തുക്കൾ പുനരുപയോഗിച്ച് കലാരൂപങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.











