
ദോഹ:ദേശീയ ദിനമാഘോഷിക്കുന്ന
ഖത്തറിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും ഇന്ത്യയുടെയും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ഇന്ത്യൻ അംബാസഡർ വിപുൽ ദേശീയ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.“നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങളിൽ നിന്നാണ് പ്രതീക്ഷ” എന്ന ഈ വർഷത്തെ പ്രമേയം ജനങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തുന്ന ഖത്തറിന്റെ വികസന ദർശനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹംആശംസാ സന്ദേശത്തിൽ പറഞ്ഞു.സാമൂഹ്യ–സാമ്പത്തികവും മാനവവികസനവുമായ മേഖലകളിൽ ഖത്തർ കൈവരിച്ച അതുല്യ നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിച്ചതായി അംബാസഡർ വ്യക്തമാക്കി. ഊർജ്ജമേഖലക്ക് പുറമേ, സംസ്കാരം, വിദ്യാഭ്യാസം, കായികം, നവീകരണം എന്നിവയിലും ഖത്തർ ആഗോള കേന്ദ്രമായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിഫ ലോകകപ്പ് 2022-ന്റെ വിജയവും ഈ വർഷത്തെ ഫിഫ അറബ് കപ്പിന്റെ മികച്ച സംഘാടനവും ഖത്തറിന്റെ കഴിവിന് ഉദാഹരണമാണെന്നും പറഞ്ഞു.പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഖത്തർ വഹിക്കുന്ന മധ്യസ്ഥ പങ്ക് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതാണെന്നും, ഈ ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടെന്നും അംബാസഡർ വ്യക്തമാക്കി. 2025-ൽ ഇന്ത്യ–ഖത്തർ ബന്ധം ‘തന്ത്രപരമായ പങ്കാളിത്തം’ എന്ന ഉയരത്തിലേക്ക് ഉയർന്നതും, ഇരുരാജ്യ ബന്ധങ്ങൾക്ക് പുതിയ ഊർജം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.











