
ദോഹ:ഖത്തറിലെ മുതിർന്നവരുടെ സ്മൃതി നാശപരിചരണരംഗത്ത് ചരിത്ര നേട്ടവുമായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (HMC) റുമൈലാ ആശുപത്രി. ആശുപത്രിയിലെ ജെറിയാട്രിക്സ് വിഭാഗത്തിന് കീഴിലുള്ള മെമ്മറി സർവീസസ്, യുകെയിലെ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സിന്റെ മെമ്മറി സർവീസസ് നാഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാം (MSNAP) നൽകുന്ന ഡെവലപ്മെന്റൽ അക്രഡിറ്റേഷൻ നേടിയതോടെയാണ് ഈ അപൂർവ അംഗീകാരം കൈവരിച്ചത്.
യുണൈറ്റഡ് കിംഗ്ഡത്തിന് പുറത്ത് ലോകത്ത് ആദ്യമായാണ് ഈ അംഗീകാരം നേടുന്നത്. ഇതോടെ അൽഷിമേഴ്സ് ഉൾപ്പെടെയുള്ള ഡിമെൻഷ്യ രോഗങ്ങളുടെ പരിചരണത്തിൽ റുമൈലാ ആശുപത്രി ആഗോള തലത്തിലെ മുൻനിരസ്ഥാപനങ്ങളിലൊന്നായി മാറി.
നേരിട്ടുള്ള അന്താരാഷ്ട്ര വിദഗ്ധ പരിശോധനയ്ക്കുശേഷമാണ് MSNAP അംഗീകാരം ലഭിച്ചത്. രോഗികേന്ദ്രിത സമീപനം, ഗുണനിലവാര മാനദണ്ഡങ്ങൾ, മികച്ച ഏകോപനം, സുരക്ഷിതവും കരുണാപൂർവവുമായ സേവനങ്ങൾ എന്നിവയിൽ യുകെയിലെ മികച്ച രീതികളോടൊപ്പമാണ് റുമൈലാ ആശുപത്രിയുടെ മെമ്മറി സർവീസസ് പ്രവർത്തിക്കുന്നതെന്ന് വിലയിരുത്തൽ റിപ്പോർട്ട് വ്യക്തമാക്കി.ഡിമെൻഷ്യ പരിചരണ രംഗത്തെ HMCയുടെ മുൻനിര സ്ഥാനത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടം. 2023-ൽ റുമൈലാ ആശുപത്രിയിലെ ജെറിയാട്രിക്സ് വിഭാഗം ലോകാരോഗ്യ സംഘടനയുടെ (WHO) ‘ഹെൽത്തി ഏജിംഗ് ആൻഡ് ഡിമെൻഷ്യ’ സഹകരണ കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരുന്നു.
ഖത്തറിന്റെ ദേശീയ അൽഷിമേഴ്സ്–മെമ്മറി ഹെൽപ്പ്ലൈനായ റാഹ (RAHA)യുടെ പ്രവർത്തനങ്ങളും MSNAP വിലയിരുത്തലിൽ അഭിനന്ദനം നേടി. രോഗികളുടെയും പരിചാരകരുടെയും അനുകൂല പ്രതികരണങ്ങൾ, കാര്യക്ഷമമായ ഭരണസംവിധാനം, രോഗി സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ എന്നിവ ശ്രദ്ധേയമാണെന്ന് വിലയിരുത്തൽ വ്യക്തമാക്കി.2012-ൽ ആരംഭിച്ച റുമൈലാ ആശുപത്രിയുടെ സ്മൃതി നാശപരിചരണത്തിൽമികച്ച സേവനമാണ് നൽകിവരുന്നത്.
പ്രാരംഭ പരിശോധന, ഏകോപിത ചികിത്സാ വഴികൾ, മാന്യവും വ്യക്തികേന്ദ്രിതവുമായ പരിചരണം, പരിചാരകരുടെ ഭാരം കുറയ്ക്കൽ, സമൂഹതല പിന്തുണ എന്നിവ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.











