
ദോഹ: ലോകത്തിലെ ഏറ്റവും വലിയ കലാമേളകളിലൊന്നായ വെനീസ് ബിനാലെയിൽ ഖത്തറിന്റെ പങ്കാളിത്തം പ്രഖ്യാപിച്ചു. അടുത്ത മാസം ഇറ്റലിയിലെ വെനീസിൽ ആരംഭിക്കുന്ന 61-ാമത് വെനീസ് ഇന്റർനാഷണൽ ആർട്ട് ബിനാലെയിൽ “Untitled… A Meeting of Unique Voices” എന്ന പ്രമേയത്തിലുള്ള പ്രദർശനവുമായാണ് ഖത്തർ നാഷണൽ പവലിയൻ എത്തുന്നത്. ഖത്തർ മ്യൂസിയംസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ്സ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മേൽനോട്ടത്തിലാണ് പവലിയൻ ഒരുങ്ങുന്നത്.
മനുഷ്യർക്കിടയിൽ ആഴത്തിലുള്ള ബന്ധങ്ങൾ സ്ഥാപിക്കാനും സാംസ്കാരിക വിനിമയത്തിനും കലയ്ക്കുള്ള കരുത്തിലുള്ള ഖത്തറിന്റെ വിശ്വാസമാണ് ഈ പ്രദർശനമെന്ന് ഷെയ്ഖ അൽ മയാസ്സ പറഞ്ഞു. ഖത്തറിലെയും അറബ് ലോകത്തെയും സർഗ്ഗാത്മക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി രാജ്യം നിലകൊള്ളുന്നതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.പ്രമുഖ കലാകാരൻ റിക്രിത് തിരാവനിജ രൂപകൽപ്പന ചെയ്ത ടെന്റിന് സമാനമായ ഘടനയ്ക്കുള്ളിലാണ് പ്രദർശനം നടക്കുന്നത്. സാംസ്കാരിക വിനിമയത്തിനുള്ള ഇടമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ഖത്തറി-അമേരിക്കൻ കലാകാരി സോഫിയ അൽ-മാരിയ, ലബനീസ് കലാകാരൻ താരിഖ് അതൗയി, കുവൈത്തി-പ്യൂർട്ടോ റിക്കൻ കലാകാരി ആലിയ ഫരീദ്, പലസ്തീനിയൻ ഷെഫ് ഫാദി ഖത്താൻ എന്നിവരുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കും.
സോഫിയ അൽ-മാരിയയുടെ പരീക്ഷണാത്മക ഡോക്യുമെന്ററി, ആലിയ ഫരീദിന്റെ കൂറ്റൻ 'ജെർക്കൻ' ശിൽപം, താരിഖ് അതൗയിയുടെ സംഗീത പ്രകടനങ്ങൾ, അറബിക് വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഫാദി ഖത്താന്റെ പാചക പരിപാടി എന്നിവ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം നൽകും.ടോം എക്കിൾസ്, റുബ ഖാതിബ് എന്നിവരാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർമാർ. വെനീസിലെ ബിനാലെ ഗാർഡൻസിൽ (Giardini della Biennale) ഖത്തർ നിർമ്മിക്കുന്ന സ്ഥിരം പവലിയന്റെ സ്ഥാനത്താണ് ഇത്തവണ പ്രദർശനം സംഘടിപ്പിക്കുന്നത്. അറബ് സംസ്കാരത്തിന്റെ വിവിധ തലങ്ങളെ ഒന്നിപ്പിക്കാനും ലോകത്തിന് മുന്നിൽ ഖത്തറിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് കലാകാരന്മാർ പ്രത്യാശ പ്രകടിപ്പിച്ചു.











