
ദോഹ: ഖത്തറിലെ ജനസംഖ്യയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. നാഷണൽ പ്ലാനിംഗ് കൗൺസിൽ പുറത്തുവിട്ട 2026 മാർച്ചിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 33,70,611 (മുപ്പത്തിമൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി പതിനൊന്ന്) ആയി ഉയർന്നു.കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജനസംഖ്യയിൽ 5.6 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയാണ് ഉണ്ടായത്. 2025 മാർച്ചിലെ കണക്കനുസരിച്ച് ഖത്തറിലെ ജനസംഖ്യ 31,90,903 ആയിരുന്നു. കൃത്യമായി പറഞ്ഞാൽ ഒരു വർഷത്തിനിടെ 1,79,708 പേരുടെ വർദ്ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും തൊഴിൽ മേഖലയിലെ ഉണർവുമാണ് ജനസംഖ്യാ വർദ്ധനവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഖത്തറിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിയാണ് പ്ലാനിംഗ് കൗൺസിൽ ഈ പ്രതിമാസ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ ഭാവി വികസന പദ്ധതികൾക്കും സേവനങ്ങൾക്കും കൃത്യമായ ദിശാബോധം നൽകാൻ ഈ പുതിയ കണക്കുകൾ സഹായിക്കും.










