
ന്യൂയോർക്ക്:ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് അൽ ഥാനി, യു.എൻ പൊതുസഭയുടെ (യു.എൻ.ജി.എ) 81-ാമത് സെഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഖലീലൂർ റഹ്മാനുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
ജനറൽ അസംബ്ലി പ്രസിഡന്റുമാരുടെ ഓഫീസുമായി ഖത്തർ തുടർന്നുവരുന്ന മികച്ച സഹകരണത്തെയും പങ്കാളിത്തത്തെയും ശൈഖ ആലിയ പ്രശംസിച്ചു. പുതിയ ചുമതലകൾ വിജയകരമായി നിർവഹിക്കാൻ സാധിക്കട്ടെ എന്ന് നിയുക്ത പ്രസിഡന്റിനെ ആശംസിച്ച അവർ, 81-ാം സെഷന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഖത്തറിന്റെ പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.
അന്താരാഷ്ട്ര തലത്തിലും യു.എന്നിന്റെ വിവിധ സംരംഭങ്ങളിലുമുള്ള ഖത്തറിന്റെ സജീവ പങ്കാളിത്തത്തെയും സംഭാവനകളെയും നിയുക്ത പ്രസിഡന്റ് ഡോ. ഖലീലൂർ റഹ്മാൻ അഭിനന്ദിച്ചു. ആഗോളതലത്തിലെ പൊതുവിഷയങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിൽ പൊതുസഭയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഖത്തറുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.










