01:04pm 09 November 2026
NEWS
ഖത്തറിന്റെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിക്ക് ആഗോള അംഗീകാരം
11/07/2026  11:45 AM IST
nila
ഖത്തറിന്റെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിക്ക് ആഗോള അംഗീകാരം

ദോഹ: ആഗോള സൈബർ സുരക്ഷാ രംഗത്ത് വീണ്ടും അഭിമാന നേട്ടവുമായി ഖത്തർ. രാജ്യത്തെ പ്രതിനിധീകരിച്ച് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) ഐക്യരാഷ്ട്ര സംഘടനയുടെ 'വേൾഡ് സമ്മിറ്റ് ഓൺ ദി ഇൻഫർമേഷൻ സൊസൈറ്റി' (WSIS) 2026 പുരസ്കാരം സ്വന്തമാക്കി. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) മേഖലയിലെ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്ന വിഭാഗത്തിലാണ് (ALC5 – Building Confidence and Security in the Use of ICT) ഖത്തറിന് ഈ ആഗോള അംഗീകാരം ലഭിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ ഈ നേട്ടം സ്വന്തമാക്കുന്നത്.
​സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് അൽ മുത്തവ അൽ ഹമ്മാദി പുരസ്കാരം ഏറ്റുവാങ്ങി. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രോജക്ടുകളോട് മത്സരിച്ചാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്.
​പൊതുജനങ്ങളുടെ വോട്ടിംഗ്, വിദഗ്ധ സമിതിയുടെ വിശദമായ വിലയിരുത്തൽ, പ്രത്യേക കമ്മിറ്റികളുടെ സൂക്ഷ്മ പരിശോധന എന്നിവയുൾപ്പെടെയുള്ള കർശനമായ ഘട്ടങ്ങൾക്കൊടുവിലാണ് ഖത്തറിന്റെ 'നാഷണൽ സൈബർ സെക്യൂരിറ്റി ട്രെയിനിംഗ് പ്രോഗ്രാം' മികച്ച പ്രോജക്ടായി തിരഞ്ഞെടുക്കപ്പെട്ടത്.
​വേൾഡ് സമ്മിറ്റ് ഓൺ ദി ഇൻഫർമേഷൻ സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും യു.എന്നിന്റെ 2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (Sustainable Development Agenda) പിന്തുണയ്ക്കുന്നതിനും ഈ ട്രെയിനിംഗ് പ്രോഗ്രാം നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. സൈബർ ഇടങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിൽ ഖത്തർ നടത്തുന്ന ആഗോള നിലവാരത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള തെളിവാണ് ഈ അവാർഡ്.l

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img