
ദോഹ: ഖത്തറിന്റെ ആദ്യ ദേശീയ പ്രീപെയ്ഡ് പേയ്മെന്റ് കാർഡായ 'ഹിംയാൻ' (Himyan) ഒമാനിലും ഘട്ടംഘട്ടമായി സ്വീകരിച്ചു തുടങ്ങിയതായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിച്ചു. സാമ്പത്തിക മേഖലയ്ക്കായുള്ള മൂന്നാം ഘട്ട തന്ത്രപരമായ പദ്ധതിയുടെ ഭാഗമായും, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായുമാണ് ഈ സുപ്രധാന നീക്കം.
പുതിയ വിപുലീകരണത്തോടെ, ഹിംയാൻ കാർഡ് ഉടമകൾക്ക് ഒമാനിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിലെ പി.ഒ.എസ് (POS) മെഷീനുകൾ വഴി പണമിടപാടുകൾ നടത്താനും എ.ടി.എമ്മുകളിൽ (ATM) നിന്ന് പണം പിൻവലിക്കാനും സാധിക്കും. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ ഇടപാടുകൾ നടക്കുക.
നേരത്തെ സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ് എന്നീ ജി.സി.സി രാജ്യങ്ങളിലും ഹിംയാൻ കാർഡ് സേവനം ലഭ്യമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യുന്ന കാർഡ് ഉടമകൾക്ക് കൂടുതൽ സുരക്ഷിതവും വേഗത്തിലുള്ളതുമായ പണമിടപാട് സൗകര്യങ്ങൾ ഒരുക്കുന്നതിനും മേഖലയിലെ പേയ്മെന്റ് സംവിധാനങ്ങളുടെ ഏകീകരണം ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം വലിയ രീതിയിൽ സഹായകമാകുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.










