
ദോഹ: വാഹന രജിസ്‌ട്രേഷൻ പെർമിറ്റിൽ (ഇസ്തിമാറ) രേഖപ്പെടുത്തിയിട്ടുള്ള ആവശ്യങ്ങൾക്കല്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) ഓർമ്മിപ്പിച്ചു. അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ (5/57) ഉദ്ധരിച്ചാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രജിസ്‌ട്രേഷൻ പെർമിറ്റിൽ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾക്കല്ലാതെ മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കാനോ അതിന് മറ്റൊരാളെ അനുവദിക്കാനോ പാടില്ലെന്ന് ഈ നിയമം വ്യക്തമാക്കുന്നു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുക്രമം നിലനിർത്തുന്നതിനും രാജ്യത്തെ ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടികളെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.











