
ദോഹ: തിരമാലകളുടെ താളവും ഖത്തറിന്റെ പാരമ്പര്യ പ്രൗഢിയും സമന്വയിച്ച അന്തരീക്ഷത്തിൽ, ഖത്തർ ബോട്ട് ഷോയ്ക്ക് പ്രൗഢോജ്ജ്വല സമാപനം. തദ്ദേശീയ കപ്പൽ നിർമ്മാണ വ്യവസായത്തിന് ആഗോള ചക്രവാളങ്ങൾ തുറന്നുനൽകിയ പ്രദർശനം, ഖത്തറിന്റെ സമുദ്ര പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും തമ്മിലുള്ള സുന്ദരമായ ആലിംഗനമായി മാറിക്കൊണ്ടാണ് തിരശ്ശീല വീണത്.
ഹലൂൽ ബോട്ട് ഫാക്ടറി രൂപകൽപ്പന ചെയ്ത, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ യാനമായ 'ഹലൂൽ 62 ഫൂട്ട് ബോട്ട്' ഉൾപ്പെടെയുള്ള വിസ്മയങ്ങളാണ് ഇത്തവണ സന്ദർശകരുടെ മനംകവർന്നത്. ആഡംബര കുടുംബ യാത്രകൾക്കും കടൽ വിനോദങ്ങൾക്കും അനുയോജ്യമായ ഈ യാനം ഖത്തർ നിർമ്മിത ബോട്ടുകളുടെ പെരുമ വിളിച്ചോതി. മുൻവർഷത്തെ അപേക്ഷിച്ച് ബോട്ടിംഗ്, വിനോദ മേഖലകളിലെ പങ്കാളിത്തത്തിൽ 19 ശതമാനത്തിന്റെ വർദ്ധനവോടെയാണ് പ്രദർശനം പൂർത്തിയാക്കിയത്.
ഖത്തറിന്റെ ഐഡന്റിറ്റിയെ രൂപപ്പെടുത്തിയ പഴയ കടൽ പെരുമയും ഭാവിയിലേക്കുള്ള സമുദ്ര വ്യവസായത്തിന്റെ സ്വപ്നങ്ങളും ഒന്നിച്ച വേദിയാണിതെന്ന് ദോഹ ഓൾഡ് പോർട്ട് സി.ഇ.ഒയും ഖത്തർ ബോട്ട് ഷോ സംഘാടക സമിതി ചെയർമാനുമായ എൻജി. മുഹമ്മദ് അബ്ദുള്ള അൽ മുല്ല പറഞ്ഞു. ശക്തമായ ഗൾഫ് പങ്കാളിത്തവും തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ആഗോള അരങ്ങേറ്റവും ഇത്തവണ വിജയകരമായി സാധ്യമാക്കാൻ കഴിഞ്ഞതായി അദ്ദേഹം വിലയിരുത്തി.
കടലിന്റെ സൗന്ദര്യവും ഖത്തറിന്റെ സംസ്കാരവും ഒത്തുചേർന്ന വേദിയിൽ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞ അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 'ദോഹ ഓൾഡ് പോർട്ട്: കടലിന്റെയും ലോകസംഗമത്തിന്റെയും കഥ' എന്ന ചരിത്രപ്രദർശനവും, ഖത്തറി കലാകാരൻ യൂസഫ് അഹമ്മദിന്റെ 'ഉഷാർ' എന്ന ചിത്രപ്രദർശനവും വേറിട്ട അനുഭവമായി. ദോഹ ഓൾഡ് പോർട്ടിനായി പ്രത്യേകം തയ്യാറാക്കിയ 'ദി സീ ഓഫ് ഖത്തർ' എന്ന തുർക്കിഷ് നീലച്ഛായയിലുള്ള ചിത്രങ്ങൾ കടലിന്റെ ഓർമ്മകളെ ഉണർത്തുന്നതായിരുന്നു.ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഖത്തർ ക്രിയേറ്റ്സ് എന്നിവയുടെ പങ്കാളിത്തത്തോടെ നടന്ന പ്രാദേശിക ചലച്ചിത്ര പ്രദർശനങ്ങൾ, തത്സമയ സംഗീതം, കടലിൽ വർണ്ണപ്പകിട്ടേകിയ ഡ്രോൺ-വെടിക്കെട്ട് ദൃശ്യങ്ങൾ എന്നിവയാൽ അവസാന നാളുകളിൽ ദോഹ തുറമുഖത്തിന്റെ രാത്രികൾ ആഘോഷനിർഭരമായി











