
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, രാജ്യത്തെ നീതിന്യായ സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ഡിജിറ്റൽ പരിവർത്തനം പൂർണ്ണ വിജയത്തിലേക്ക്. ദേശീയ നീതിന്യായ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ സമഗ്ര ഡിജിറ്റൽ സംവിധാനത്തിലൂടെ വ്യവഹാര നടപടികളുടെ (Litigation procedures) കാലതാമസം വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചതായി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ ചീഫ് ജഡ്ജി നാസർ മുഹമ്മദ് അൽ ഹാജിരി വ്യക്തമാക്കി. ഖത്തർ ടെലിവിഷന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേസ് ഫയൽ ചെയ്യുന്നത് മുതൽ വിധിന്യായം നടപ്പിലാക്കുന്നത് (Judgment execution) വരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്തതിലൂടെ കോടതി നടപടികളുടെ വേഗത വർദ്ധിച്ചു. നിലവിൽ രാജ്യത്തെ കോടതികളിൽ ഒരു കേസിന്റെ ശരാശരി വിചാരണാ കാലാവധി 38 ദിവസമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, കോടതിയിലെത്തുന്ന കേസുകളിൽ 94 ശതമാനവും മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കുന്നുണ്ടെന്നും വാർഷിക കേസ് തീർപ്പാക്കൽ നിരക്ക് (Annual resolution rate) 98 ശതമാനത്തിൽ എത്തിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ശക്തമായ ഡാറ്റാ ഗവേണൻസും എൻക്രിപ്ഷൻ സംവിധാനങ്ങളും വഴി കേസുകളുടെയും കക്ഷികളുടെയും വിവരങ്ങളുടെ സുരക്ഷിതത്വവും രഹസ്യാത്മകതയും പൂർണ്ണമായി ഉറപ്പുവരുത്തിയിട്ടുണ്ട്. മറ്റ് സർക്കാർ വകുപ്പുകളുമായി ഡിജിറ്റൽ ബന്ധം ഉറപ്പാക്കിയതിലൂടെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ ഒരു ജുഡീഷ്യൽ പരിസ്ഥിതിയാണ് ഖത്തറിൽ നിലവിൽ വന്നിരിക്കുന്നതെന്ന് ജഡ്ജി നാസർ അൽ ഹാജിരി വ്യക്തമാക്കി.











