
ദോഹ: മേഖലയിലെ അടിയന്തര സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ ആരോഗ്യ, പരിസ്ഥിതി, ഗതാഗത മേഖലകൾ പൂർണ്ണ സജ്ജമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഖത്തർ ആഭ്യന്തര മന്ത്രിയും ലെഖ്‌വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്.
പരിക്കേറ്റവരുടെ എണ്ണം 26 കടന്ന പശ്ചാത്തലത്തിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക പ്ലാനുകൾ നടപ്പിലാക്കി. രാജ്യത്ത് 9 മാസത്തേക്കുള്ള അവശ്യ മരുന്നുകളും 12 മാസത്തേക്കുള്ള മെഡിക്കൽ ഉപകരണങ്ങളും കരുതിയിട്ടുണ്ട്.ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇന്ധന ടാങ്കിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ വായുവിന്റെയും കടൽജലത്തിന്റെയും ഗുണനിലവാരം മന്ത്രാലയം പരിശോധിച്ചു. നിലവിൽ മലിനീകരണ ഭീഷണിയില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.അബു സംറ അതിർത്തി വഴി സ്വദേശികളുടെയും താമസക്കാരുടെയും തിരിച്ചുവരവ് സുരക്ഷിതമാക്കി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി താൽക്കാലിക വ്യോമപാതകൾ ഉപയോഗിച്ച് 7,000-ത്തിലധികം വിദേശികളെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ സഹായിച്ചു.
വതൻ (Watan) വ്യായാമങ്ങളിലൂടെ മുൻപ് പരിശീലിച്ച മുന്നറിയിപ്പ് സംവിധാനം ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് കൃത്യമായ നിർദ്ദേശം നൽകാനാണ് ഈ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ വർക്ക് ഫ്രം ഹോം രീതിയിൽ മാറ്റമില്ല. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും മാറ്റങ്ങളുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്തർ ഭരണകൂടത്തോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്ന സ്വദേശികളെയും പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു. "ജനങ്ങളുടെ സുരക്ഷ എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു 'റെഡ് ലൈൻ' ആണ്. രാജ്യത്തെ സംരക്ഷിക്കാൻ പ്രതിരോധ മന്ത്രാലയവും ആരോഗ്യ മേഖലയും മറ്റ് സേവന വിഭാഗങ്ങളും നടത്തുന്ന പരിശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്," ഷെയ്ഖ് ഖലീഫ പറഞ്ഞു.
ഏതൊരു വെല്ലുവിളിയെയും അതിജീവിക്കാൻ ഖത്തറിന് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











