
ദോഹ: ഖത്തർ ദ്രാവക പ്രകൃതിവാതക (LNG) കയറ്റുമതി നിർത്തിവെച്ചത് ആഗോള ഊർജ്ജ വിപണിയിലും സാമ്പത്തിക മേഖലയിലും വൻ പ്രതിസന്ധിയുണ്ടാക്കുന്നതായി മിഡിൽ ഈസ്റ്റ് സ്റ്റഡീസ് സെന്ററിന്റെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ വാതക കയറ്റുമതിക്കാരായ ഖത്തർ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ഗ്യാസ് വില റെക്കോർഡ് ഉയരത്തിലെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ഖത്തറിൽ നിന്നുള്ള വിതരണം നിലച്ചതോടെ ആഗോളതലത്തിൽ ലഭ്യമായ മറ്റ് സ്രോതസ്സുകൾക്കായി രാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരം നടക്കുകയാണ്. ഇത് യൂറോപ്യൻ, ഏഷ്യൻ വിപണികളിൽ ഗ്യാസ് വില കുതിച്ചുയരാൻ കാരണമായി.പവർ പ്ലാന്റുകളുടെ പ്രവർത്തനത്തിന് ഗ്യാസിനെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിക്കും. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവും വ്യാവസായിക ഉത്പാദന ചെലവും വർദ്ധിപ്പിക്കും.
വളം, പെട്രോോകെമിക്കൽസ്, കെമിക്കൽ വ്യവസായങ്ങളെ ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും. ഉത്പാദന ചെലവ് കൂടുന്നതോടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുകയും ഇത് ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് (Inflation) വഴിയൊരുക്കുകയും ചെയ്യും.എൽഎൻജി കപ്പലുകളുടെ റൂട്ടുകളിൽ മാറ്റം വരുന്നത് കടത്തുനീക്കത്തിനുള്ള ചിലവ് വർദ്ധിപ്പിക്കും. ഇത് ചരക്കുനീക്കത്തെയും ആഗോള വിതരണ ശൃംഖലയെയും (Supply Chain) ബാധിക്കും.ഊർജ്ജ പ്രതിസന്ധി ആഗോള ഓഹരി വിപണികളിലും വലിയ അനിശ്ചിതത്വമുണ്ടാക്കുന്നുണ്ട്. ഇന്ധനവില വർദ്ധിക്കുന്നത് മറ്റ് മേഖലകളിലെ കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്.ആഗോള ഊർജ്ജ സുരക്ഷയിൽ ഖത്തറിനുള്ള നിർണ്ണായക സ്ഥാനം അടിവരയിടുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഖത്തറിന്റെ ഊർജ്ജ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആഗോള സാമ്പത്തിക സ്ഥിരതയെ നേരിട്ട് ബാധിക്കുമെന്നും മിഡിൽ ഈസ്റ്റ് സ്റ്റഡീസ് സെന്റർ വിലയിരുത്തുന്നു.











