
ദോഹ: ഖത്തറിന്റെ എല്ലാവിധ പിന്തുണയും ഇറാഖിന് വാഗ്ദാനം ചെയ്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇറാഖിലെ നിയുക്ത പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അമീർ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
പുതിയ ഗവൺമെന്റ് രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട അൽ സെയ്ദിയെ അമീർ അഭിനന്ദനങ്ങൾ അറിയിച്ചു. ഇറാഖി ജനതയുടെ പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടിയുള്ള പുതിയ ദൗത്യത്തിൽ അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും അമീർ ആശംസിച്ചു.
സഹോദര രാജ്യമായ ഇറാഖിന്റെ കൂടെ ഖത്തർ എപ്പോഴും നിലകൊള്ളുമെന്നും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും വികസനത്തിനുമായുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും അമീർ ഉറപ്പുനൽകി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അമീറിന്റെ അഭിനന്ദനത്തിനും ഖത്തർ നൽകുന്ന പിന്തുണയ്ക്കും നിയുക്ത പ്രധാനമന്ത്രി അൽ സെയ്ദി നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ മുൻനിർത്തി ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.










