
ദോഹ: സഹോദര രാജ്യമായ കുവൈറ്റിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തിയ വിനാശകരമായ ആക്രമണങ്ങളെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. കുവൈറ്റിലെ സൈനിക ക്യാമ്പിന് പുറമെ വൈദ്യുതി നിലയത്തെയും കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിനെയും (Desalination Plant) ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ കുവൈറ്റ് സായുധ സേനയിലെ ചില അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.കുവൈറ്റിന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ഖത്തർ ചൂണ്ടിക്കാട്ടി.കുവൈറ്റിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം അറിയിച്ചു.അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഇത്തരം നീതീകരിക്കാനാവാത്ത അതിക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കുവൈറ്റിനെയും അവിടുത്തെ ജനങ്ങളെയും എല്ലാവിധ ആപത്തുകളിൽ നിന്നും അല്ലാഹു സംരക്ഷിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.
മേഖലയിൽ സംഘർഷം പടരുന്ന സാഹചര്യത്തിൽ സമാധാനം നിലനിർത്താനുള്ള നയതന്ത്ര നീക്കങ്ങൾ ഖത്തർ തുടരുകയാണ്.











