
ദോഹ: ഖത്തറിലെ മാധ്യമ രംഗത്ത് പുതിയ ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സാമ്പത്തിക ടെലിവിഷൻ ചാനലായ 'ഖത്തർ ബിസിനസ് ചാനൽ' (QBC) പ്രവർത്തനം ആരംഭിച്ചു. ഖത്തർ മീഡിയ കോർപ്പറേഷന്റെ കീഴിൽ ആരംഭിച്ച ചാനൽ, അൾട്രാ ഹൈ ഡെഫനിഷൻ (4K) സാങ്കേതികവിദ്യയിൽ സംപ്രേക്ഷണം ചെയ്യുന്ന മേഖലയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക ചാനലുകളിൽ ഒന്നാണ്.
നിലവിൽ രാവിലെ 9 മണി മുതൽ അർദ്ധരാത്രി വരെ 15 മണിക്കൂറാണ് സംപ്രേക്ഷണം. ഇതിൽ 9 മണിക്കൂർ തത്സമയ പരിപാടികളാണ്. ഭാവിയിൽ ഇത് 24 മണിക്കൂർ ആക്കി മാറ്റും.
മികച്ച ദൃശ്യാനുഭവത്തിനായി പൂർണ്ണമായും 4K നിലവാരത്തിലാണ് ചാനൽ പ്രവർത്തിക്കുന്നത്.ടെലിവിഷന് പുറമെ 'Tabie' (താബി) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലും ചാനൽ തത്സമയം ലഭ്യമാണ്.ഖത്തറിലെയും ആഗോളതലത്തിലെയും സാമ്പത്തിക നീക്കങ്ങൾ ചാനൽ സമഗ്രമായി കവർ ചെയ്യും. വിപണി വിശകലനങ്ങൾ, സാമ്പത്തിക വാർത്താ ബുള്ളറ്റിനുകൾ എന്നിവയ്ക്ക് പുറമെ
സിനിമ വ്യവസായവും സാമ്പത്തികവും
ബിസിനസ് രംഗത്തെ വനിതകൾ
ഖത്തറിലെയും ഗൾഫിലെയും നിയമസംവിധാനങ്ങൾ
റിയൽ എസ്റ്റേറ്റ്, ഊർജ്ജ മേഖലകളിലെ വിശകലനങ്ങൾഎന്നീ
പ്രത്യേക പരിപാടികളും ചാനലിലുണ്ടാകും.ലോകത്തെ പ്രധാന തലസ്ഥാനങ്ങളിലായി 30-ലധികം റിപ്പോർട്ടർമാരുടെ സേവനം ചാനലിനുണ്ട്. കൂടാതെ നാല് പ്രമുഖ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് വിപണി വിവരങ്ങളും തത്സമയ വാർത്തകളും ലഭ്യമാക്കുന്നു. ഒരു ആഗോള ബ്രാൻഡിന്റെയും സഹായമില്ലാതെ അറബ് മണ്ണിൽ നിന്ന് നേരിട്ട് ഉത്ഭവിക്കുന്ന ആദ്യ സാമ്പത്തിക ചാനലുകളിൽ ഒന്നാണിതെന്ന് ചാനൽ അധികൃതർ വ്യക്തമാക്കി.ഖത്തരി പ്രതിഭകൾക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ചാനലിന്റെ അണിയറ പ്രവർത്തനം. എഡിറ്റോറിയൽ, പ്രൊഡക്ഷൻ, ടെക്നിക്കൽ വിഭാഗങ്ങളിൽ ഖത്തരി യുവാക്കളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഖത്തറിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയെ ലോകത്തിന് മുന്നിൽ കൃത്യമായി അവതരിപ്പിക്കുക എന്നതാണ് ഈ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ മീഡിയ കോർപ്പറേഷൻ അറിയിച്ചു.










