
ന്യൂയോർക്ക് /ദോഹ:
ഇസ്രായേലിന്റെ ഭരണകൂട ഭീകരത ലോക സമാധാനത്തിനും ക്രമത്തിനും ഭീഷണിയാണെന്ന് ഖത്തർ അമീർ.മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറുന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ ഭീകര പ്രവൃത്തികൾ ലോക സമാധാനത്തിന് മാത്രമല്ല, ആഗോള ക്രമത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഐക്യരാഷ്ട്ര സഭയുടെ 80-മത് ജനറൽ അസംബ്ലിയിൽ പ്രസ്താവിച്ചു.
ഇസ്രായേൽ അവകാശപ്പെടുന്നതുപോലെ ജനാധിപത്യ രാഷ്ട്രമല്ലെന്ന് അമീർ വ്യക്തമാക്കി. വർണവിവേചനത്തെ വളർത്തിപ്പോറ്റുകയും വംശഹത്യ മാത്രം ലക്ഷ്യമിട്ട് ആക്രമണം തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രമെന്ന നിലയിലാണ് ഇസ്രായേൽ മാറിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ ഇല്ലാതാക്കേണ്ടതിനിടയിൽ, പ്രവർത്തനം മൂർച്ഛിപ്പിച്ച് കടന്നാക്രമണം വിപുലപ്പെടുത്തുകയാണ് ഇസ്രായേൽ ഭരണകൂടം ചെയ്തുവരുന്നതെന്ന് അമീർ വിമർശിച്ചു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണം “വഞ്ചനാപരമായ ആക്രമണം” തന്നെയാണെന്നും അമീർ ആരോപിച്ചു. യു.എസ്. മുന്നോട്ടുവെച്ച ഗസ വെടിനിർത്തൽ നിർദ്ദേശത്തെ കുറിച്ച് ചർച്ച ചെയ്യാനായി ഹമാസ് നേതാക്കൾ ഒത്തുകൂടിയപ്പോഴാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളുകളും നയതന്ത്ര കേന്ദ്രങ്ങളും ഉൾപ്പെടുന്ന ജനവാസ മേഖലകളിൽ നടത്തിയ ആക്രമണം രാഷ്ട്രീയ കൊലപാതകത്തിന് തുല്യമാണെന്ന് അമീർ കുറ്റപ്പെടുത്തി.
ഒരു വശത്ത് ചർച്ച നടത്തുന്നു എന്ന് പ്രഖ്യാപിക്കുമ്പോഴും മറുവശത്ത് ചർച്ചാ സംഘാംഗങ്ങളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് അംഗീകരിക്കാനാകാത്ത പ്രവൃത്തിയാണെന്നും, ഏറ്റവും കുറഞ്ഞ സഹകരണ മാനദണ്ഡങ്ങൾക്കുപോലും ബഹുമാനം നൽകാത്ത ഇസ്രായേൽ ഭരണകൂടവുമായി സഹകരിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും അമീർ വ്യക്തമാക്കി.











