
ദോഹ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 2025 സാമ്പത്തിക വർഷത്തിൽ ഖത്തർ ശക്തമായ വളർച്ചയും വിലക്കയറ്റ നിയന്ത്രണവും കൈവരിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് (QCB). ബാങ്ക് പുറത്തുവിട്ട വാർഷിക മാക്രോ ഇക്കണോമിക് അവലോകന റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി (Real GDP) 2.9 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവൽക്കരണ നയങ്ങൾ മികച്ച ഫലം നൽകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൈഡ്രോകാർബൺ ഇതര മേഖലയിലെ ജിഡിപി (Non-hydrocarbon GDP) 4.8 ശതമാനം വളർച്ച കൈവരിച്ചു. എണ്ണ, വാതക മേഖലകൾക്ക് പുറമേയുള്ള വ്യവസായങ്ങളുടെയും സേവനങ്ങളുടെയും പുരോഗതി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ സുദൃഢമാക്കുന്നു.
രാജ്യത്തെ പണപ്പെരുപ്പം (Inflation) ശരാശരി 0.5 ശതമാനത്തിൽ നിർത്താൻ സാധിച്ചു. ആഭരണങ്ങൾ ഉൾപ്പെടെയുള്ള ചില നിർദ്ദിഷ്ട മേഖലകളിൽ മാത്രമാണ് വിലവർധനവ് പ്രകടമായത്.റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത വിലക്കയറ്റമോ അസ്ഥിരതയോ ഇല്ലാതെ കൃത്യമായ വിപണി സ്ഥിരത നിലനിന്നു.വിനോദസഞ്ചാര മേഖലയിൽ വൻ വർധനവാണുണ്ടായത്. 2025-ൽ 51 ലക്ഷം (5.1 ദശലക്ഷം) സഞ്ചാരികളാണ് ഖത്തർ സന്ദർശിച്ചത്. 2024-ൽ ഇത് 49 ലക്ഷവും 2023-ൽ 40 ലക്ഷവുമായിരുന്നു.സ്വകാര്യ മേഖലയുടെ പ്രവർത്തനം അളക്കുന്ന പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (PMI) ശരാശരി 51.2 രേഖപ്പെടുത്തി. സൂചിക 50-ന് മുകളിൽ തുടരുന്നത് സ്വകാര്യ മേഖലയിലെ വളർച്ചയുടെ വ്യക്തമായ സൂചനയാണ്.സാമ്പത്തിക വർഷത്തിൽ 1,162 കോടി ഖത്തർ റിയാലിന്റെ (116.2 ബില്യൺ) നടപ്പ് അക്കൗണ്ട് മിച്ചം (Current Account Surplus) രാജ്യം കൈവരിച്ചു. ഇത് മൊത്തം ജിഡിപിയുടെ 14.8 ശതമാനത്തിന് തുല്യമാണ്.ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് (QSE) ഇൻഡക്സ് 1.8 ശതമാനം വാർഷിക വളർച്ച നേടി. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ എസ് & പി, ഫിച്ച് എന്നിവ ഖത്തറിന് 'AA' റേറ്റിംഗും മൂഡീസ് 'Aa2' റേറ്റിംഗും നൽകി സാമ്പത്തിക ഭദ്രതയും വായ്പാ ശേഷിയും ശരിവെച്ചു.
വളർച്ച, വിലക്കയറ്റ നിയന്ത്രണം, ശക്തമായ വിദേശ വ്യാപാര നില, സുസ്ഥിരമായ ധനകാര്യ വിപണി എന്നിവ സമന്വയിപ്പിച്ച് വിജയകരമായ സാമ്പത്തിക വർഷമാണ് ഖത്തർ പൂർത്തിയാക്കിയതെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കി.










