
ദോഹ: കൃഷിഭൂമിയുടെ അതിരുകൾ വിസ്തൃതമാക്കുന്നതിലല്ല, മറിച്ച് തുള്ളിവെള്ളത്തിലും മണ്ണിലും വിപ്ലവം സൃഷ്ടിക്കുന്നതിലാണ് ഖത്തറിന്റെ കാർഷിക ഭാവി കുടികൊള്ളുന്നതെന്ന് പ്രമുഖ കാർഷിക ഗവേഷകൻ യൂസുഫ് അഹമ്മദ് അൽ-താഹിർ. അൽ റയ്യാൻ ടെലിവിഷൻ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ ജലസ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തിയും, നാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തുകൾ തിരഞ്ഞെടുത്തും ഉൽപ്പാദനം ഇരട്ടിയാക്കാൻ ഖത്തറിലെ കർഷകർക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വെള്ളത്തിന്റെ ഓരോ തുള്ളിയും ചെടിയുടെ വേരുകളിലേക്ക് നേരിട്ടെത്തിക്കുന്ന തുള്ളിനന (Drip Irrigation) രീതികൾ ഇന്ന് ഖത്തറിലെ കൃഷിയിടങ്ങളിൽ പുതിയ പ്രതീക്ഷകൾ വിതയ്ക്കുകയാണ്. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെടുന്നത് തടഞ്ഞ്, ഓരോ വിളയ്ക്കും ആവശ്യമായ കൃത്യമായ അളവിൽ മാത്രം ജലം നൽകുന്നതിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.നാടിന്റെ ചുട്ടുപൊള്ളുന്ന ചൂടിലും കൃഷി തുടരാൻ സഹായിക്കുന്ന കുളിർമയുള്ള ഹരിതഗൃഹങ്ങൾ (Cooled Greenhouses) വഴി ഒക്ടോബർ മുതൽ ജൂൺ വരെ വിളവെടുപ്പ് നീട്ടിയെടുക്കാൻ സാധിക്കും. എന്നാൽ സാങ്കേതികവിദ്യ കൊണ്ടുമാത്രം കാര്യമായില്ലെന്നും, ഉയർന്ന ചെലവും പ്രവർത്തന പരിചയവും ഇതിന് ആവശ്യമാണെന്നും അൽ-താഹിർ ഓർമ്മിപ്പിച്ചു.ഖത്തറിന്റെ മണ്ണിലും കാലാവസ്ഥയിലും നന്നായി വളരുന്നതും കുറഞ്ഞ വെള്ളം ഉപയോഗിക്കുന്നതുമായ പ്രത്യേക വിത്തിനനങ്ങൾ കണ്ടെത്തി പരിപാലിക്കാൻ പ്രാദേശിക വിത്തുബാങ്കുകളും ഗവേഷണശാലകളും അത്യന്താപേക്ഷിതമാണ്.കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് കൊയ്യാൻ സാധിക്കുന്ന പരമ്പരാഗതമല്ലാത്ത കൃഷിരീതികൾ മണ്ണിൽ വലിയ ഫലങ്ങൾ നൽകും.എല്ലാ കർഷകരും ഒരേ സമയം ഒരേ വിളകൾ തന്നെ കൃഷി ചെയ്യുന്നത് വിപണിയിൽ വിലയിടിവിന് കാരണമാകും. ഇത് ഒഴിവാക്കാൻ കർഷകർ തമ്മിലുള്ള പരസ്പര ഏകോപനം ആവശ്യമാണ്. തക്കാളി, വെള്ളരി, മധുരമുളക്, എരിവുള്ള മുളക്, വഴുതന എന്നിവയ്ക്ക് നിലവിൽ സർക്കാർ പിന്തുണ ലഭ്യമാണ്. 'മഹാസീൽ' (Mahaseel) സംവിധാനം വഴി കൃഷി ആസൂത്രണം ചെയ്യുന്നതും വിളവുകൾ വിപണിയിൽ എത്തിക്കുന്നതും കർഷകർക്ക് വലിയ ആശ്വാസമാകുന്നു.
ഇറക്കുമതി പൂർണ്ണമായി ഒഴിവാക്കാൻ കർഷകർക്ക് സാധിക്കില്ലെങ്കിലും, പ്രാദേശിക വിളവെടുപ്പ് കാലത്ത് പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിൽ വിപണി ക്രമീകരിച്ചാൽ നാടൻ കർഷകരുടെ അധ്വാനത്തിന് അർഹമായ വില ലഭിക്കും. ജലസംരക്ഷണവും സാങ്കേതികവിദ്യയും ഗവേഷണവും സമന്വയിക്കുന്ന സമഗ്രമായ കാഴ്ചപ്പാടിലൂടെ മാത്രമേ ഖത്തറിലെ കാർഷിക മേഖലയ്ക്ക് ഹരിതാഭമായ ഒരു ഭാവി പടുത്തുയർത്താൻ സാധിക്കൂ എന്ന് അൽ-താഹിർ അടിവരയിട്ടു പറഞ്ഞു.










