
ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ 20-ാമത് പതിപ്പിൽ ഖത്തറിന്റെ താരം അബ്ദുറഹ്‍മാൻ സാംബ 400 മീറ്റർ ഹർഡിൽസ് ഇനത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.
47.06 സെക്കൻഡ് സമയം രേഖപ്പെടുത്തി സീസണിലെ തന്നെ മികച്ച പ്രകടനവുമായി സാംബ മൂന്നാം സ്ഥാനത്ത് എത്തി ഖത്തറിന് അഭിമാന നേട്ടം സമ്മാനിച്ചു. അമേരിക്കയുടെ റായ് ബെഞ്ചമിൻ 46.52 സെക്കൻഡ് സമയത്തോടെ സ്വർണം നേടി. ബ്രസീലിന്റെ ആലിസൺ ഡോസ് സാന്റോസ് 46.84 സെക്കൻഡിൽ വെള്ളി നേടി.
ലോക റെക്കോർഡ് ഉടമയും നിലവിലെ ചാമ്പ്യനുമായ നോർവെയുടെ കാർസ്റ്റൻ വാർഹോം 47.58 സെക്കൻഡ് സമയം രേഖപ്പെടുത്തി അഞ്ചാം സ്ഥാനത്താണ് എത്തിയത്. മറ്റൊരു ഖത്തർ താരം ഇസ്മാഈൽ ദാവൂദ് 49.82 സെക്കൻഡ് സമയത്തോടെ എട്ടാം സ്ഥാനത്താണ് അവസാനിച്ചത്.
"നീണ്ട ഇടവേളയ്ക്കുശേഷം പരിക്കുകൾ മറികടന്ന് മടങ്ങിവന്നതാണ്. സ്വർണം ലക്ഷ്യമിട്ടിരുന്നുവെങ്കിലും വെങ്കലം നേടി പോഡിയത്തിൽ നിൽക്കാൻ കഴിഞ്ഞത് വലിയസന്തോഷമാണെന്ന്വിജയത്തിന് ശേഷം സാംബ പറഞ്ഞു.
ഖത്തർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ 400 മീറ്റർ ഹർഡിൽസ് ഇനത്തിൽ ശരിയായ പാതയിലാണ് മുന്നേറുന്നതെന്നും ഭാവിയിൽ ഖത്തറിൻറെ പുതിയ തലമുറ സ്വർണം സ്വന്തമാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.











