
ദോഹ: ഭൂമിയുടെ ശ്വാസകോശവും ജീവന്റെ തണൽച്ചില്ലകളുമായ
കണ്ടൽ കാടുകളുടെ സംരക്ഷണത്തിൽ പ്രതിബദ്ധത ആവർത്തിച്ച് ഖത്തർ.
പ്രകൃതിയുടെ അത്ഭുതപ്രതിഭാസവും തീരദേശത്തിന്റെ കാവലാളുമായ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലും വിപുലീകരണത്തിലുമാണ്അതീവ ശ്രദ്ധയാണ് രാജ്യം പുലർത്തുന്നതെന്ന് ഖത്തർ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയംവ്യക്തമാക്കി. ജൂലൈ 26-ന് ആചരിച്ച അന്താരാഷ്ട്ര മംഗ്രോവ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ്പ്രകൃതിസമ്പത്തിന്റെ ഈ ഹരിതകവചത്തെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചത്.
നിലവിൽ രാജ്യത്ത് ഏകദേശം 14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ടൽക്കാടുകൾ പടർന്നുപന്തലിച്ചു നിൽക്കുന്നുണ്ട്. ഇതിൽ പകുതിയോളം വരുന്നത്—അതായത് 7 ചതുരശ്ര കിലോമീറ്ററിലധികം—പ്രകൃതിരമണീയമായ അൽ തഖീറ സംരക്ഷിത വനമേഖലയിലാണ്. അൽ ഖോർ, അൽ തഖീറ, അൽ വക്ര, മിസൈഈദ്, അൽ ആലിയ ദ്വീപ്, ഫുവൈരിത്, അൽ റുവൈസ്, അൽ അറീഷ്, അൽ ജുമൈൽ തുടങ്ങി ഖത്തറിന്റെ തീരപ്രദേശങ്ങളെ അണിയിച്ചൊരുക്കുന്ന വിവിധ കേന്ദ്രങ്ങളിൽ ഈ വനപ്രകൃതി അഭംഗുരം തഴച്ചുവളരുന്നു.
അശാസ്ത്രീയമായ ഇടപെടലുകളിൽ നിന്ന് കണ്ടൽക്കാടുകളെ സംരക്ഷിക്കാനും, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ തൈകൾ നട്ടുപിടിപ്പിച്ച് ഇവയുടെ വിസ്തൃതി വർദ്ധിപ്പിക്കാനും വിവിധ ദേശീയ സ്ഥാപനങ്ങളുമായി ചേർന്ന് മന്ത്രാലയം മുന്നേറുകയാണ്.
"കണ്ടൽക്കാടുകളുടെ സംരക്ഷണം എന്നത് വെറുതെ അവയുടെ വിസ്തൃതി കൂട്ടൽ മാത്രമല്ല; മറിച്ച്, വേലിയേറ്റവും വേലിയിറക്കവും മണ്ണിന്റെ ഗുണനിലവാരവും ലവണാംശവും കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള സമഗ്രമായ പരിപാലനമാണ്,"
— ഖാലിദ് ജുമാ അൽ മുഹന്നദി (ഡയറക്ടർ, വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്).
നട്ടുപിടിപ്പിക്കുന്ന തൈകളുടെ എണ്ണത്തിലല്ല, മറിച്ച് അവ സ്വാഭാവികമായി വളർന്നു പന്തലിച്ച് സമുദ്രജീവികൾക്ക് തണലാകാൻ പ്രാപ്തമാകുന്നുണ്ടോ എന്നതിലാണ് സംരക്ഷണത്തിന്റെ വിജയം കുടികൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും മുൻകൂട്ടി മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ആഗോള കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. ഒരു ഹെക്ടർ കണ്ടൽക്കാടിന് അന്തരീക്ഷത്തിലെ മണ്ണിലും സസ്യങ്ങളിലുമായി ഏകദേശം 3,754 ടൺ കാർബൺ ഡൈ ഓക്‌സൈഡ് സംഭരിച്ചു നിർത്താൻ കഴിവുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കേവലം പരിസ്ഥിതി പ്രാധാന്യം മാത്രമല്ല, സാഹസിക സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്ന അൽ തഖീറ പോലുള്ള കേന്ദ്രങ്ങൾ ഖത്തറിന്റെ പരിസ്ഥിതി ടൂറിസത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും വൻ മുന്നേറ്റമാണ് സമ്മാനിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് തന്നെ ഇവയെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.











