
ദോഹ: ലിഗാറ്റം പ്രോസ്പെരിറ്റി സൂചികയിൽ (Legatum Prosperity Index 2026) ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ നാലാം സ്ഥാനം നേടി. മധ്യപൂർവേഷ്യൻ-വടക്കേ ആഫ്രിക്കൻ (MENA) മേഖലയിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
ജീവിതനിലവാരം, ആരോഗ്യമേഖല, വിദ്യാഭ്യാസം എന്നിവ മുൻനിർത്തി വിലയിരുത്തുന്ന ആഗോള വികസന സൂചികയിൽ (Development Index) ഖത്തർ എട്ടാം സ്ഥാനവും കരസ്ഥമാക്കി.ആഗോളതലത്തിൽ നാലാം സ്ഥാനവും പശ്ചിമേഷ്യൻ-വടക്കേ ആഫ്രിക്കൻ മേഖലയിൽ ഒന്നാം സ്ഥാനവും കൈവരിച്ച് ഖത്തർ വൻ മുന്നേറ്റം നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ഉറപ്പാക്കാൻ രാജ്യത്ത് കെട്ടിപ്പടുത്ത മികച്ച അടിസ്ഥാന സൗകര്യങ്ങൾ മുൻനിർത്തിയാണ് വികസന സൂചികയിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനം ലഭിച്ചത്.
മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ' (Third National Development Strategy) വിജയം വെളിവാക്കുന്നതാണ് ഈ നേട്ടം. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സുസ്ഥിരമായ ഭാവി കൈവരിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും മുൻഗണന നൽകിയാണ് ഈ നയം നടപ്പിലാക്കുന്നത്.
ഖത്തർ സർക്കാരിന്റെ സംയോജിത വികസന നയങ്ങൾ കൃത്യമായി പ്രതിഫലിക്കുന്നതാണ് ഈ ആഗോള അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി.










