
ദോഹ: ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തിൽ ഗൾഫിലും അറബ് ലോകത്തും ഖത്തർ ഒന്നാം സ്ഥാനത്ത് എത്തിയതായി Numbeo Healthcare Index 2026 റിപ്പോർട്ട് വ്യക്തമാക്കി. ആഗോള തലത്തിൽ ഖത്തർ 18-ാം സ്ഥാനവും നിലനിർത്തി. മുൻവർഷത്തേക്കാൾ മൂല്യനിർണയ സ്കോറിൽ 73.4ൽ നിന്ന് 73.6 ആയി മെച്ചപ്പെടലും രേഖപ്പെടുത്തി.
ഈ നേട്ടം ഖത്തറിന്റെ ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയെയും, സുസ്ഥിരവും ഫലപ്രദവുമായ ആരോഗ്യ സംവിധാനത്തിന്റെ വികസനത്തെയും, മനുഷ്യനെ ദേശീയ മുൻഗണനയായി കണക്കാക്കി നടത്തുന്ന നിക്ഷേപങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് നാഷണൽ പ്ലാനിങ് കൗൺസിൽ അറിയിച്ചു.
ഖത്തർ നാഷണൽ വിഷൻ 2030യും മൂന്നാമത്തെ ദേശീയ വികസന തന്ത്രവും ലക്ഷ്യമാക്കി ആരോഗ്യ മേഖലയിലെ തുടർച്ചയായ പരിഷ്‌കരണങ്ങളും നിക്ഷേപങ്ങളും നടപ്പിലാക്കുന്നതിന്റെ ഫലമായാണ് ഈ മുന്നേറ്റമെന്നും കൗൺസിൽ വിലയിരുത്തി.
ആധുനിക ചികിത്സാസൗകര്യങ്ങൾ, പ്രാഥമിക ആരോഗ്യ സേവനങ്ങളുടെ ശക്തിപ്പെടുത്തൽ, ഡിജിറ്റൽ ഹെൽത്ത് സംവിധാനങ്ങൾ, യോഗ്യതയുള്ള മനുഷ്യവിഭവശേഷി എന്നിവയിൽ ഖത്തർ നടത്തിയ നിക്ഷേപങ്ങൾ രാജ്യത്തിന്റെ ആരോഗ്യ മേഖലയെ അന്താരാഷ്ട്ര തലത്തിൽ മുൻനിരയിലെത്തിക്കാൻ സഹായിച്ചുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.











