
ലണ്ടൻ/ദോഹ: തൊഴിലിടങ്ങളിലെ മികച്ച ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഖത്തർ റെയിലിന് (Qatar Railways Company) അന്താരാഷ്ട്ര പ്രശംസ. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹൈവേസ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (CIHT) നൽകുന്ന 'ഹെൽത്ത് ആൻഡ് സേഫ്റ്റി ഇൻ ദി വർക്ക്പ്ലേസ് 2026' വിഭാഗത്തിലാണ് ഖത്തർ റെയിൽ പ്രത്യേക പ്രശംസയ്ക്ക് (Commendation) അർഹരായത്.
ലണ്ടനിൽ നടന്ന സി.ഐ.എച്ച്.ടി (CIHT) വാർഷിക അവാർഡ് ദാന ചടങ്ങിൽ ഖത്തർ റെയിൽ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി. തൊഴിലിടങ്ങളിലെ സുരക്ഷാ രീതികളുംh സുരക്ഷാ സംസ്കാരവും മെച്ചപ്പെടുത്തുന്നതിനായി കമ്പനി നടത്തുന്ന നിരന്തരമായ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്.തൊഴിലിടങ്ങളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി 2024, 2025 വർഷങ്ങളിൽ ഖത്തർ റെയിൽ നടപ്പിലാക്കിയ സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ പുരസ്കാരത്തിലൂടെ പ്രതിഫലിക്കുന്നത്. തങ്ങളുടെ വാർഷിക ബിസിനസ്സ് പ്ലാനിംഗിന്റെ ഭാഗമായി കൃത്യമായ ലക്ഷ്യങ്ങളും റിസ്ക് മാനേജ്മെന്റ് നടപടികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഘടനാപരമായ സമീപനമാണ് ഖത്തർ റെയിൽ സ്വീകരിച്ചിരിക്കുന്നത്.തുടർച്ചയായ പുരോഗതി ലക്ഷ്യമിട്ട് ഖത്തർ റെയിൽ തങ്ങളുടെ 'സീറോ ഹാം' (Zero Harm) മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. സുരക്ഷാ പ്രകടനം കൂടുതൽ ശക്തമാക്കുന്നതിനായി മൂന്ന് വർഷത്തെ പ്രത്യേക പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.ആധുനിക ഗതാഗത സംവിധാനങ്ങൾക്കൊപ്പം സുരക്ഷാ കാര്യങ്ങളിലും അന്താരാഷ്ട്ര തലത്തിൽ ഖത്തർ റെയിൽ മുൻപന്തിയിലാണെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം.










