
ദോഹ: ഖത്തറിലെ ശിക്ഷാ-തിരുത്തൽ കേന്ദ്രങ്ങളിൽ (Penal and Correctional Institutions) കഴിയുന്ന തടവുകാർക്കായി പബ്ലിക് പ്രൊസിക്യൂഷൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പുതിയ സ്വയംസേവന (Self-service) പ്ലാറ്റ്ഫോം ആരംഭിച്ചു. പബ്ലിക് പ്രൊസിക്യൂഷനുമായി നേരിട്ടും സുരക്ഷിതമായും ആശയവിനിമയം നടത്താൻ തടവുകാരെ പ്രാപ്തരാക്കുന്നതാണ് ഈ പദ്ധതി.
തിരുത്തൽ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ വഴിയാണ് തടവുകാർക്ക് അപേക്ഷകളും അഭ്യർത്ഥനകളും സമർപ്പിക്കാൻ സാധിക്കുന്നത്. സമർപ്പിക്കുന്ന അപേക്ഷകൾ നേരിട്ട് പബ്ലിക് പ്രൊസിക്യൂഷന്റെ പരിഗണനയ്ക്ക് എത്തും. ഇത് വേഗത്തിലും തികച്ചും രഹസ്യമായും പരിശോധിച്ചു നടപടികൾ സ്വീകരിക്കാൻ സഹായിക്കും. തടവുകാരുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്താനും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഖത്തർ നൽകുന്ന മുൻഗണനയുടെ പ്രതിഫലനമാണ് ഈ പദ്ധതിയെന്ന് പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. ജുഡീഷ്യൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സുതാര്യത കൈവരിക്കാനുമുള്ള ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്











