
ദോഹ: ഖത്തറിന്റെ പരമാധികാരത്തിന് മേൽ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഖത്തർ പ്രസ് സെന്റർ (QPC) ശക്തമായ ഭാഷയിൽ അപലപിച്ചു. ശനിയാഴ്ച ഖത്തറിന്റെ വ്യോമപാത ലക്ഷ്യമാക്കി എത്തിയ ഡ്രോണുകളെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതിന് പിന്നാലെയാണ് പ്രസ് സെന്ററിന്റെ ഈ പ്രതികരണം.ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഖത്തറിനെ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും, ഇത് പ്രാദേശിക സ്ഥിരതയെ തകർക്കുന്ന അപകടകരമായ നീക്കമാണെന്നും പ്രസ് സെന്റർ പ്രസ്താവനയിൽ വ്യക്തമാക്കി.രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ (Vital Infrastructure) ലക്ഷ്യം വെക്കുന്നത് മാനുഷികവും സാമ്പത്തികവുമായ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഒരു മോശം കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് പ്രസ് സെന്റർ ഓർമ്മിപ്പിച്ചു.ഏത് വെല്ലുവിളിയെയും നേരിടാൻ സായുധ സേന കാട്ടുന്ന ജാഗ്രതയെയും ധീരതയെയും പ്രസ് സെന്റർ പ്രശംസിച്ചു. ഒപ്പം, വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെയും അവർ അഭിനന്ദിച്ചു.രാജ്യത്തിന്റെ ആഭ്യന്തര ഐക്യം സംരക്ഷിക്കുന്നതിലും സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിലും പ്രൊഫഷണലായ മാധ്യമപ്രവർത്തനം പ്രതിരോധത്തിന്റെ ഒന്നാം നിരയായി പ്രവർത്തിക്കുമെന്ന് പ്രസ് സെന്റർ ചൂണ്ടിക്കാട്ടി.മേഖലയിലെ ഈ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.











