
ദോഹ: മേഖലയിലെ നിലവിലെ രാഷ്ട്രീയ, സുരക്ഷാ, മാധ്യമ രംഗങ്ങളിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിനായി ഖത്തർ പ്രസ് സെന്റർ (QPC) പാനൽ ചർച്ച സംഘടിപ്പിച്ചു. 'യുദ്ധത്തിന് ശേഷം: ഗൾഫും പ്രാദേശിക മാറ്റങ്ങളും' (After the War: The Gulf and Regional Transformations) എന്ന പ്രമേയത്തിൽ അബ്ദുള്ള ബിൻ ഹുസൈൻ അൽ-നാമ ഹാളിലാണ് ചർച്ച നടന്നത്. യു.എസും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച യുദ്ധവും, ഇതിനെത്തുടർന്നുണ്ടായ ഇറാൻ ആക്രമണങ്ങൾ ഗൾഫിന്റെ സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന സ്വാധീനവും ചർച്ചയിൽ പ്രധാന വിഷയങ്ങളായി.
കേന്ദ്രത്തിന്റെ 'പ്രസ് മജ്‌ലിസ്' പരമ്പരയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സ്ട്രാറ്റജിക് അഫയേഴ്‌സ് ഗവേഷകൻ ഡോ. ലിഖാ മക്കി, പൊളിറ്റിക്കൽ ഗവേഷകൻ ഡോ. സാലിഹ് അൽ മുതൈരി എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു. ഖത്തർ ടിവി പ്രെസെന്റർ സൈഫ് അൽ ഇമാദി മോഡറേറ്ററായ ചർച്ചയിൽ പ്രമുഖ മാധ്യമപ്രവർത്തകരും പ്രാദേശിക നിരീക്ഷകരും പങ്കെടുത്തു.മേഖലയിലെ നിലവിലെ അനിശ്ചിതാവസ്ഥയ്ക്ക് കാരണം നയതന്ത്ര പരിഹാരങ്ങൾക്ക് പകരം സൈനിക ശക്തിയിലുള്ള അമിത ആശ്രയമാണെന്ന് ഡോ. ലിഖാ മക്കി ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങൾ നേരിടുന്നത് തങ്ങളുടെ ദുർബലതയല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ സങ്കീർണ്ണതയാണെന്ന് ഡോ. സാലിഹ് അൽ മുതൈരി അഭിപ്രായപ്പെട്ടു. വലിയൊരു യുദ്ധമുണ്ടായാൽ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ബോധ്യമുള്ളതിനാൽ, ഗൾഫ് രാജ്യങ്ങൾ നയതന്ത്ര ചർച്ചകൾക്കൊപ്പം തന്നെ തങ്ങളുടെ പ്രതിരോധ ശേഷിയും ശക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് കൂട്ടായ്മ കൂടുതൽ ശക്തമാക്കുക, നയതന്ത്ര ചാനലുകൾ സജീവമായി നിലനിർത്തുക, സുരക്ഷയും സാമ്പത്തിക വികസനവും ഒരുപോലെ കൊണ്ടുപോകുന്ന ദീർഘകാല തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നിവയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമെന്ന് ചർച്ച ഉപസംഹരിച്ചുകൊണ്ട് പാനലിസ്റ്റുകൾ വ്യക്തമാക്കി.










