
ദോഹ: ഖത്തറിലെ ഇന്ത്യൻപ്രവാസികൾക്ക് നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കുന്നതിനായി പുതിയ റെമിറ്റൻസ് സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ പോസ്റ്റ്. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയും തപാൽ ശൃംഖലയും കോർത്തിണക്കിക്കൊണ്ടുള്ള ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യ പോസ്റ്റുമായും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനുമായി (UPU) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) ഏകീകൃത പേയ്‌മെന്റ് സംവിധാനമായ 'യു.പി.ഐ' (UPI) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'പോസ്റ്റ് ട്രാൻസ്ഫർ' (PosTransfer) സംവിധാനത്തിലൂടെയാണ് തുക കൈമാറാൻ സാധിക്കുന്നത്. ഇതിലൂടെ ഖത്തറിലുള്ള പ്രവാസികൾക്ക് ഇന്ത്യയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വേഗത്തിലും സുരക്ഷിതമായും പണമയക്കാൻ സാധിക്കും.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ തപാൽ സേവനങ്ങളെ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഖത്തറും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടാനും, ഇരു രാജ്യങ്ങളിലെയും പോസ്റ്റൽ നെറ്റ്‌വർക്കുകൾ പരമാവധി പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസനീയമായ സേവനം നൽകാനും ഈ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഖത്തർ പോസ്റ്റ് വ്യക്തമാക്കി.










