
ദോഹ:ആഗോള ബ്രാൻഡുകളുടെ വിസ്മയ ലോകത്തുനിന്നും അതിരുകളില്ലാതെ ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്കായി ഖത്തർ പോസ്റ്റ് തങ്ങളുടെ ജനപ്രിയ അന്താരാഷ്ട്ര ഷിപ്പിംഗ് സേവനമായ ‘കണക്റ്റഡ്’ (CONNECTED) തികച്ചും അത്യാധുനികമായ മാറ്റങ്ങളോടെ പുനരവതരിപ്പിച്ചു. ഖത്തറിലേക്ക് നേരിട്ട് ഡെലിവറി ഇല്ലാത്ത വിദേശ ഓൺലൈൻ സൈറ്റുകളിൽ നിന്നും ഇനി ഒട്ടും ആശങ്കയില്ലാതെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട സാധനങ്ങൾ സുരക്ഷിതമായി വീട്ടുപടിക്കൽ എത്തിക്കാം.അമേരിക്ക, ബ്രിട്ടൻ, തുർക്കി, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാനായി ഒരു പ്രത്യേക വിർച്വൽ വിലാസമാണ് ‘കണക്റ്റഡ്’ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ വിലാസങ്ങളിൽ എത്തുന്ന നിങ്ങളുടെ പാഴ്സലുകൾ ഖത്തർ പോസ്റ്റിന്റെ വിശ്വസ്തമായ ലോജിസ്റ്റിക്സ് ശൃംഖല വഴി ഒരൊറ്റ ഷിപ്പിംഗായി ഒന്നിച്ച് ചേർത്ത്, ആകർഷകമായ നിരക്കിൽ ഖത്തറിലേക്ക് എത്തിച്ചു നൽകും. വരും നാളുകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് പുറമെ, സാധനങ്ങൾ കൈകളിൽ എത്തുമ്പോൾ പണം നൽകാനുള്ള 'ക്യാഷ് ഓൺ ഡെലിവറി' (Cash on Delivery) സൗകര്യവും ഇതിലുണ്ട്.ഖത്തർ എയർവേയ്‌സ് പ്രിവിലേജ് ക്ലബുമായി കൈകോർത്താണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഓരോ ഷിപ്പിംഗിലും നേടുന്ന 'അവിയോസ്' (Avios) പോയിന്റുകൾ ഉപയോഗിച്ച് വിമാന ടിക്കറ്റുകളും കാബിൻ അപ്‌ഗ്രേഡുകളും മറ്റ് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം.നിങ്ങളുടെ പാഴ്സലുകൾ എവിടെയെത്തിയെന്ന് മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ തത്സമയം ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും.
വേഗത, സുതാര്യത, മിതമായ നിരക്ക് എന്നിവ ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് ആഗോള വിപണിയിലേക്ക് എളുപ്പത്തിൽ വഴിതുറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖത്തർ പോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹസ്സൻ ജാസിം അൽ സയീദ് വ്യക്തമാക്കി.










