
ദോഹ: പ്രവാസികൾക്കും സ്വദേശികൾക്കും കുറഞ്ഞ ചെലവിൽ അതിവേഗം പണമയക്കാനുള്ള വിദേശ റെമിറ്റൻസ് സേവനങ്ങളുമായി ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനി. ജോർദാൻ പോസ്റ്റുമായി സഹകരിച്ച് ജോർദനിലേക്കുള്ള മണി ട്രാൻസ്ഫർ സേവനം ആരംഭിച്ചതോടെയാണ് ഖത്തർ പോസ്റ്റ് തങ്ങളുടെ സാമ്പത്തിക സേവനങ്ങൾ കൂടുതൽ വിപുലീകരിച്ചത്.
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ ഫിനാൻഷ്യൽ സർവീസസ് സിസ്റ്റത്തിന് കീഴിലാണ് ഈ സുരക്ഷിത റെമിറ്റൻസ് കോറിഡോർ പ്രവർത്തിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ജോർദാൻ, ഈജിപ്ത്, മൊറോക്കോ, ജിബൂട്ടി എന്നീ നാല് അറബ് രാജ്യങ്ങളിലേക്കും കൂടാതെ സെർബിയയിലേക്കും ഖത്തറിൽ നിന്ന് കുറഞ്ഞ ചെലവിൽ പണം അയക്കാൻ സാധിക്കും.
പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ ഗുണഭോക്താവിന് തുക ലഭ്യമാകുന്ന അതിവേഗ ലിക്വിഡിറ്റി ഫ്ലോ ആണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷത. ഖത്തർ പോസ്റ്റിന്റെ ഏത് ശാഖയിൽ നിന്നും പ്രാദേശിക കറൻസിയിൽ പണം അയക്കാവുന്നതാണെന്നുംസ്വീകർത്താവിന് അവരുടെ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും തുക പിൻവലിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പരമ്പരാഗത എക്സ്ചേഞ്ച് ഹൗസുകളെയും ബാങ്കിങ് ചാനലുകളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ട്രാൻസ്ഫർ ഫീസാണ് ഖത്തർ പോസ്റ്റ് ഈ സർവീസിന് ഈടാക്കുന്നത്. മറ്റ് വാണിജ്യ മണി ട്രാൻസ്ഫർ ഏജൻസികൾക്ക് ശാഖകളില്ലാത്ത ഉൾനാടൻ ഗ്രാമീണ മേഖലകളിൽ പോലും തുക കൃത്യമായി എത്തിക്കാൻ പോസ്റ്റൽ നെറ്റ്വർക്കിലൂടെ സാധിക്കുമെന്നതും സവിശേഷതയാണ്.വിപണിയിലെ മറ്റ് ഫിൻടെക് സേവനങ്ങളോട് മത്സരിക്കാൻ പോസ്റ്റൽ ബാങ്കിങ് രംഗത്തെ ഈ പുതിയ ചുവടുവെപ്പ് ഖത്തർ പോസ്റ്റിനെ സഹായിക്കും.










