07:16pm 11 November 2026
NEWS
ഖത്തർ പോസ്റ്റിലൂടെ ഇനി രണ്ട് മണിക്കൂറിനുള്ളിൽ പണമയക്കാം; നാല് അറബ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര മണി ട്രാൻസ്ഫർ സേവനം വിപുലീകരിച്ചു
25/06/2026  07:37 PM IST
nila
ഖത്തർ പോസ്റ്റിലൂടെ ഇനി രണ്ട് മണിക്കൂറിനുള്ളിൽ പണമയക്കാം; നാല് അറബ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര മണി ട്രാൻസ്ഫർ സേവനം വിപുലീകരിച്ചു

​ദോഹ: പ്രവാസികൾക്കും സ്വദേശികൾക്കും കുറഞ്ഞ ചെലവിൽ അതിവേഗം പണമയക്കാനുള്ള വിദേശ റെമിറ്റൻസ്  സേവനങ്ങളുമായി ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനി. ജോർദാൻ പോസ്റ്റുമായി സഹകരിച്ച് ജോർദനിലേക്കുള്ള മണി ട്രാൻസ്ഫർ സേവനം ആരംഭിച്ചതോടെയാണ് ഖത്തർ പോസ്റ്റ് തങ്ങളുടെ സാമ്പത്തിക സേവനങ്ങൾ കൂടുതൽ വിപുലീകരിച്ചത്.
​യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ  ഫിനാൻഷ്യൽ സർവീസസ് സിസ്റ്റത്തിന് കീഴിലാണ് ഈ സുരക്ഷിത റെമിറ്റൻസ് കോറിഡോർ പ്രവർത്തിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ജോർദാൻ, ഈജിപ്ത്, മൊറോക്കോ, ജിബൂട്ടി എന്നീ നാല് അറബ് രാജ്യങ്ങളിലേക്കും കൂടാതെ സെർബിയയിലേക്കും ഖത്തറിൽ നിന്ന് കുറഞ്ഞ ചെലവിൽ പണം അയക്കാൻ സാധിക്കും.
​പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ ഗുണഭോക്താവിന് തുക ലഭ്യമാകുന്ന അതിവേഗ ലിക്വിഡിറ്റി ഫ്ലോ  ആണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷത. ഖത്തർ പോസ്റ്റിന്റെ ഏത് ശാഖയിൽ നിന്നും പ്രാദേശിക കറൻസിയിൽ പണം അയക്കാവുന്നതാണെന്നുംസ്വീകർത്താവിന് അവരുടെ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും തുക പിൻവലിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
​പരമ്പരാഗത എക്സ്ചേഞ്ച് ഹൗസുകളെയും ബാങ്കിങ് ചാനലുകളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ട്രാൻസ്ഫർ ഫീസാണ് ഖത്തർ പോസ്റ്റ് ഈ സർവീസിന് ഈടാക്കുന്നത്. മറ്റ് വാണിജ്യ മണി ട്രാൻസ്ഫർ ഏജൻസികൾക്ക് ശാഖകളില്ലാത്ത ഉൾനാടൻ ഗ്രാമീണ മേഖലകളിൽ പോലും തുക കൃത്യമായി എത്തിക്കാൻ പോസ്റ്റൽ നെറ്റ്‌വർക്കിലൂടെ സാധിക്കുമെന്നതും സവിശേഷതയാണ്.വിപണിയിലെ മറ്റ് ഫിൻടെക്  സേവനങ്ങളോട് മത്സരിക്കാൻ പോസ്റ്റൽ ബാങ്കിങ് രംഗത്തെ ഈ പുതിയ ചുവടുവെപ്പ് ഖത്തർ പോസ്റ്റിനെ സഹായിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img