
ദോഹ: ഖത്തർ പോലീസ് അക്കാദമിയുടെ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിൽ നടന്ന ബിരുദദാന ചടങ്ങിൽ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ) കമാൻഡറും അക്കാദമി സുപ്രീം കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി പങ്കെടുത്തു. വ്യാഴാഴ്ചയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
മാസ്റ്റർ ഓഫ് ലോ, മാസ്റ്റർ ഓഫ് സെക്യൂരിറ്റി സ്റ്റഡീസ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ രണ്ടാമത് ബാച്ചിന്റെ ബിരുദദാനമാണ് ചടങ്ങിൽ നടന്നത്. ഇതിനൊപ്പം സിവിലിയൻ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കുള്ള 11-ാമത് നിർബന്ധിത ക്വാളിഫയിംഗ് കോഴ്‌സ് പൂർത്തിയാക്കിയ പോലീസ് കോളേജ് വിദ്യാർത്ഥികളുടെയും, വനിതാ പോലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ നാലാമത് ക്വാളിഫയിംഗ് കോഴ്‌സ് പൂർത്തിയാക്കിയ വനിതകളുടെയും ബിരുദദാനവും ഇതോടൊപ്പം നടന്നു.
ചടങ്ങിനോടനുബന്ധിച്ച് പഠനം പൂർത്തിയാക്കിയവർക്ക് ആഭ്യന്തര മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. അക്കാദമിയുടെ ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസ് അക്കാദമിയുടെ പുതിയ വെബ്‌സൈറ്റും അദ്ദേഹം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടർന്ന്, പോലീസ് അക്കാദമിയിൽ സംഘടിപ്പിച്ച 2026 ലെ 'പോലീസ് ഓഫ് ടുമാറോ' (നാളെയുടെ പോലീസ്) സമ്മർ പ്രോഗ്രാമിന്റെ ഏഴാം പതിപ്പിലെ ആറാമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. മുതിർന്ന ഉദ്യോഗസ്ഥരും ബിരുദധാരികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.











