
മക്ക: മക്കയിലെ വിശുദ്ധ ഹറം മസ്ജിദിൽ ആരംഭിച്ച 46-ാമത് കിംഗ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ മനഃപാഠ, പാരായണ, വ്യാഖ്യാന മത്സരത്തിൽ ഖത്തർ പങ്കാളികളാകുന്നു. ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ചാണ് പ്രതിനിധി സംഘം ഓഗസ്റ്റ് 6 മുതൽ 19 വരെ നടക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ ഖുർആൻ മനഃപാഠകർ ഈ മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.
ഔഖാഫ് മന്ത്രാലയത്തിലെ ഇസ്ലാമിക് നെറ്റ്വർക്ക് ഡിപ്പാർട്ട്മെന്റ് തലവൻ ഒമർ അഖ്ല അൽ റുവൈലിയുടെ നേതൃത്വത്തിലാണ് ഖത്തർ പ്രതിനിധി സംഘം എത്തിയത്. മത്സരത്തിലെ രണ്ട് വിഭാഗങ്ങളിലായി രണ്ട് മത്സരാർത്ഥികളും അവരുടെ പരിശീലകരും സംഘത്തിലുണ്ട്.
രാജ്യത്തെ പുതിയ തലമുറയിൽ ഖുർആൻ പഠനവും ഇസ്ലാമിക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിന് ഖത്തർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ പങ്കാളിത്തമെന്ന് അൽ റുവൈലി പറഞ്ഞു. വിദഗ്ധ പരിശീലനത്തിനും വിലയിരുത്തലുകൾക്കും ശേഷമാണ് മികച്ച രീതിയിൽ മത്സരിക്കാൻ ശേഷിയുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തതെന്നും അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











