
ലണ്ടൻ: അന്താരാഷ്ട്ര മാരിടൈംഓർഗനൈസേഷന്റെ (IMO) ചരക്ക്, കണ്ടെയ്നർ ഗതാഗത സബ്കമ്മിറ്റിയുടെ (CCC 12) പന്ത്രണ്ടാം സെഷൻ യോഗങ്ങളിൽ ഖത്തർ പങ്കെടുത്തു. ലണ്ടനിലെ ഐ.എം.ഒ ആസ്ഥാനത്ത് സെപ്റ്റംബർ 14 മുതൽ 18 വരെയായിരുന്നു യോഗം. ഐ.എം.ഒയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്.പരമ്പരാഗത ഇന്ധനങ്ങൾക്കു പകരം മെഥനോൾ, എഥനോൾ തുടങ്ങിയ ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കപ്പലുകളുടെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ യോഗം വിലയിരുത്തി.
കുറഞ്ഞ ഫ്ലാഷ് പോയിന്റുള്ള ഇന്ധനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ് (CCS) സംവിധാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും ചർച്ച ചെയ്തു.കപ്പലുകളിൽ ചരക്കുകളും കണ്ടെയ്നറുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും എത്തിക്കുന്നതിനുമുള്ള സാങ്കേതിക നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.
സമുദ്ര ഗതാഗത മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, പരിസ്ഥിതി സൗഹൃദപരമായ ബദൽ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഖത്തർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു










