
ദോഹ :അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ (Council of Arab Interior Ministers) 43-ാമത് സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു. ബുധനാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു യോഗം നടന്നത്.
ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ താനി ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചു.മേഖലയിലെ നിലവിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഷെയ്ഖ് അബ്ദുൽ അസീസ് യോഗത്തിൽ സംസാരിച്ചു. നിലവിലുള്ള യുദ്ധങ്ങളും ഇറാനിയൻ ആക്രമണങ്ങൾ മൂലം അറബ് രാജ്യങ്ങൾക്കുണ്ടായ മനുഷ്യ-സാമ്പത്തിക നഷ്ടങ്ങളും സുരക്ഷാ ഏജൻസികളുടെ ഉത്തരവാദിത്തം വർധിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.സമകാലിക ഭീഷണികളെ നേരിടാൻ അറബ് രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾ കൈമാറുന്നതിനും പരിശീലന പരിപാടികൾ സജീവമാക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംയുക്ത അറബ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന എല്ലാ സംരംഭങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി.











