
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫുമായി ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും അവലോകനം ചെയ്തു.
പ്രാദേശികമായ പുതിയ സംഭവവികാസങ്ങൾക്ക് പുറമേ, മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി സംഘർഷങ്ങൾ ലഘൂകരിക്കാൻ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി.അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തലിൽ എത്തുന്നതിന് കാരണമായ പാകിസ്താന്റെയും മറ്റ് കക്ഷികളുടെയും മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പ്രധാനമന്ത്രി ചർച്ചയിൽ അഭിനന്ദിച്ചു. പ്രതിസന്ധികൾ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങൾക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി.
ചർച്ചകളിൽ പുരോഗതി കൈവരിക്കുന്നതിനും മേഖലയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ കരാറിലേക്ക് എത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി എല്ലാ കക്ഷികളും ഈ മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.










