സംഘടിപ്പിച്ച് ഖത്തർ

ജനീവ: ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസ് മുൻപാകെയുള്ള ഖത്തറിന്റെ സ്ഥിരം പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ചർച്ച ചെയ്യുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. "മാനവികതയുടെ അടുത്ത തലമുറ: അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ യുവജന നേതൃത്വം" (The Next Generation of Humanity: Youth Leadership in International Humanitarian Law) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ജോർദാൻ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ യു.എൻ പ്രതിനിധി സംഘങ്ങളും 'ഖത്തർ ഡിബേറ്റ് സെന്ററും' പങ്കാളികളായി.
ജനീവയിൽ നടക്കുന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) 62-ാമത് സെഷന്റെ അനുബന്ധമായാണ് ഈ പ്രത്യേക ചർച്ച സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, അന്താരാഷ്ട്ര-മേഖലാ സംഘടനകൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, സമാധാന നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പോരായ്മകൾ പരിഹരിക്കാൻ കൂട്ടായ രാഷ്ട്രീയ പ്രതിബദ്ധതയും നയതന്ത്ര നീക്കങ്ങളും ആവശ്യമാണെന്ന് ജനീവയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൾറഹ്മാൻ അൽ മുഫ്താഹ് ചടങ്ങിൽ ഊന്നിപ്പറഞ്ഞു. ഈ നിയമങ്ങൾ മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ഓരോ രാജ്യങ്ങൾക്കുമാണെന്ന് അവർ ഓർമ്മിപ്പിച്ചു.
സായുധ പോരാട്ടങ്ങളിൽ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും, മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കാനും ഐക്യരാഷ്ട്രസഭ, പ്രാദേശിക സംഘടനകൾ, സിവിൽ സൊസൈറ്റി എന്നിവരടങ്ങുന്ന അന്താരാഷ്ട്ര സമൂഹത്തിന് വലിയ പങ്കുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ നടപ്പിലാക്കുന്നതിൽ ഖത്തറിനുള്ള ഉറച്ച പ്രതിബദ്ധതയും അവർ ആവർത്തിച്ചു.ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസിന്റെ (ICRC) ആഗോള സംരംഭത്തിന് കീഴിലുള്ള അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും സമാധാനത്തിന്റെയും വർക്ക് സ്ട്രീമിൽ ഖത്തർ നിലവിൽ സഹ-അധ്യക്ഷ പദവി വഹിക്കുന്ന കാര്യം ഡോ. അൽ മുഫ്താഹ് ചൂണ്ടിക്കാട്ടി. 2025 ഒക്ടോബറിൽ ഖത്തറും കോസ്റ്റാറിക്കയും സംയുക്തമായി അവതരിപ്പിച്ച, യുദ്ധബാധിത പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്ന പ്രമേയം മനുഷ്യാവകാശ കൗൺസിൽ ഐകകണ്ഠേന പാസാക്കിയത് ഈ രംഗത്തെ വലിയ ചുവടുവെപ്പാണ്.
ജോർദാൻ സ്ഥിരം പ്രതിനിധി അക്രം അൽ ഹരാഹ്ഷെ, ബ്രസീൽ പ്രതിനിധി തോവർ ദാ സിൽവ നൂനെസ്, ഐ.സി.ആർ.സി പ്രതിനിധി ആനി ക്വിന്റിൻ, ഖത്തർ ഡിബേറ്റ് സെന്റർ സ്ട്രാറ്റജിക് ഡയറക്ടർ അബ്ദുൾറഹ്മാൻ അൽ സുബൈഇ, അലി ഖാലിദ് അൽ മൗലവി എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഖത്തർ ഡിബേറ്റിലെ ഷെയ്ഖ നൂർ മുഹമ്മദ് അൽ താനിയാണ് ചർച്ച നിയന്ത്രിച്ചത്. സമകാലിക സംഘർഷങ്ങളിൽ മാനുഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, മാനുഷിക തത്വങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ യുവാക്കൾക്കുള്ള പങ്കിനെക്കുറിച്ചും ചർച്ചയിൽ വിപുലമായ ആശയവിനിമയം നടന്നു.










