
ദോഹ:വായനയുടെയും,
പഠനത്തിന്റെയും, സംവാദത്തിന്റെയും സജീവ കേന്ദ്രമായ ഖത്തർ നാഷണൽ ലൈബ്രറി (QNL), 2026-ലെ പുതുവർഷത്തെ വൈവിധ്യമാർന്ന വിദ്യാഭ്യാസ–സാംസ്‌കാരികപരിപാടികളോടെ വരവേൽക്കുന്നു. എല്ലാ പ്രായവിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള മെന്ററിങ് പദ്ധതികൾ, ആഴ്ചവാര സമൂഹ സംഗമങ്ങൾ, പ്രഭാഷണങ്ങൾ, സാഹിത്യ സംവാദങ്ങൾ, സംഗീതാവതരണങ്ങൾ എന്നിവയാണ് ജനുവരി മാസത്തെ പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജനുവരി 10, 17, 24 തീയതികളിൽ നടക്കുന്ന മുർഷിദി പ്രോഗ്രാം ഹൈസ്‌കൂൾ വിദ്യാർഥികൾക്കും ബിരുദ വിദ്യാർഥികൾക്കും പുതിയ ബിരുദധാരികൾക്കും വ്യക്തിഗത മെന്ററിങ്, സ്കോളർഷിപ്പ്–അപേക്ഷ മാർഗനിർദേശങ്ങൾ, കരിയർ രൂപീകരണ ഉപദേശങ്ങൾ എന്നിവ നൽകും. എജ്യുക്കേഷൻ സിറ്റി, മുൻ വിദ്യാർഥി ശൃംഖല, ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മെന്റർമാരാണ് നേതൃത്വം നൽകുന്നത്.ജനുവരിയിൽ എല്ലാ വ്യാഴാഴ്ചകളിലും ചെസ് മീറ്റപ്പുകളും നെയ്ത്ത്–ക്രോഷെ സംഗമങ്ങളും പുനരാരംഭിക്കും.ജനുവരി 10, 11 തീയതികളിൽ ‘ഖത്തർ സമകാലിക ചരിത്രം’ എന്ന വിഷയത്തിൽ പ്രഭാഷണവും വർക്ക്‌ഷോപ്പും നടക്കും. വാസേദ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അബ്ദുള്ള ബാബൂദ് മുഖ്യ പ്രഭാഷണംനടത്തും. ഖത്തറിന്റെ രാഷ്ട്രീയ–സാമൂഹിക–സാംസ്‌കാരിക പരിണാമങ്ങളാണ് വിഷയമാകുന്നത്.സാഹിത്യ പ്രേമികൾക്കായി ജനുവരി 26-ന് ബുക്ക് ചാറ്റ് സംഘടിപ്പിക്കും. ബ്രിട്ടീഷ് എഴുത്തുകാരൻ സാം മീക്കിംഗ്സ് തന്റെ കൃതിയായ Wonder and Loss മുഖേന ദുഃഖവും ഓർമ്മയും എഴുത്തിലൂടെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പങ്കുവെക്കും.ജനുവരി 28-ന് ‘ഫിലഹാർമോണിക് അറ്റ് ദ ലൈബ്രറി’ സംഗീതാവതരണം നടക്കും. തെറമിൻ എന്ന അപൂർവ വാദ്യത്തിന്റെ സംഗീതയാത്രയാണ് പരിപാടിയുടെ മുഖ്യ ആകർഷണം.ജനുവരി 31-ന് ‘ചാറ്റ് ആൻഡ് പ്ലാന്റ് കമ്മ്യൂണിറ്റി’ ആരംഭിക്കും. പെർമകൾച്ചർ വിദഗ്ധ അമൽ റിഹാൻ നയിക്കുന്ന തുടക്കക്കാർക്കായുള്ള തോട്ടംകൃഷി വർക്ക്‌ഷോപ്പോടെയാണ് മാസപരിപാടികൾക്ക് സമാപനം കുറിക്കുക.










