
ദോഹ: ഖത്തറിന്റെ പൈതൃകസമുദ്രകവാടമായഓൾഡ് ദോഹ പോർട്ട്
ദേശീയ ദിനാഘോഷ പരിപാടികൾക്കായി ഒരുങ്ങുന്നു.ഡിസംബർ 18ന് വൈകിട്ട് 3 മുതൽ രാത്രി 10 വരെ
രാജ്യത്തിന്റെ സമുദ്ര പൈതൃകത്തെ അടയാള പെടുത്തുന്ന വിപുലമായ
കലാ വിരുന്നുകളും വിനോദപരിപാടികളും അരങ്ങേറും.
പരമ്പരാഗത ശിൽപികളുടെ തത്സമയ പ്രകടനങ്ങൾ, പാരമ്പര്യ സംഗീത സംഘങ്ങളുടെ പരിപാടികൾ എന്നിവ നടക്കും. വൈകിട്ട് 3 മുതൽ 5 വരെ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ദേശീയ അർദാ(വാൾ നൃത്തം) പ്രകടനങ്ങളും അരങ്ങേറും. ഖത്തറിനെ സാമൂഹ്യമായി രൂപപ്പെടുത്തിയ മൂല്യങ്ങളും പാരമ്പര്യങ്ങളും പങ്കുവെയ്ക്കുന്നതാകും പരിപാടികൾ.
ദേശീയ ദിനത്തിന്റെ ഭാഗമായി സർക്കാർ കമ്മ്യൂണിക്കേഷൻസ് ഓഫീസ് ആവിഷ്‌കരിച്ച “വൺ നേഷൻ, വൺ ഓത്ത്” പദ്ധതിയുടെ ഭാഗമായി വൈകിട്ട് 6.12ന് (18:12) ഓൾഡ് ദോഹ പോർട്ടിലുടനീളം ദേശീയ ഗാനം ആലപിക്കും. ഐക്യത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായി ഇത് ആചരിക്കപ്പെടും.
മിനാ പാർക്കിലെ ‘ഓൾഡ് ദോഹ’ ഇൻസ്റ്റലേഷൻ, 1930 മുതൽ 1950 വരെയുള്ള കാലഘട്ടത്തിൽ തലസ്ഥാനത്തെ രൂപപ്പെടുത്തിയ ആദ്യകാല വാസകേന്ദ്രങ്ങളിലൂടെ സന്ദർശകരെ ഒരു പൈതൃക യാത്രയിലേക്ക് നയിക്കും. പോയകാലത്തെ വാസ്തുവിദ്യയും സാമൂഹ്യ ജീവിതവും പുനരാവിഷ്കരിക്കുന്ന പ്രദർശനം അപൂർവ്വ അനുഭവമാകും.ഡിസംബർ 17 മുതൽ 19 വരെ നടക്കുന്ന റാസ്റ്റ ഫെസ്റ്റിവൽ സംഗീതം, സ്ട്രീറ്റ് ഫാഷൻ, ഭക്ഷ്യമേളകൾ, ഇന്ററാക്ടീവ് ആർട്ട് എന്നിവകൊണ്ട് സജീവമാക്കും. വർണാഭമായ പരേഡ്, സ്റ്റിൽറ്റ് വാക്കേഴ്‌സ്, ഡ്രമ്മേഴ്‌സ്, വയലിൻ–സാക്സഫോൺ–അക്കോർഡിയൻ സംഗീതപ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഫെസ്റ്റിവൽ ദിവസവും വൈകിട്ട് 4 മുതൽ 11 വരെ നടക്കും.











