
ദോഹ: പ്രശസ്ത ഓസ്ട്രിയൻ കലാകാരൻ ഇർവിൻ വുർമിന്റെ (Erwin Wurm) ശ്രദ്ധേയമായ ശില്പകലാരൂപം ‘പിങ്ക് കൺവേർട്ടബിൾ ബിഗ്’ (Pink Convertible Big) ഖത്തർ മ്യൂസിയംസ് ലുസെയ്ലിലെ പ്ലേസ് വെൻഡോമിൽ (Place Vendôme) അനാച്ഛാദനം ചെയ്തു. തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ഈ കൂറ്റൻ കാർ ശില്പം കണ്ട മാത്രയിൽത്തന്നെ സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഇർവിൻ വുർമിന്റെ ലോകപ്രശസ്തമായ 'ഫാറ്റ് കാർ' (Fat Car) പരമ്പരയുടെ ഭാഗമാണ് ഈ കലാസൃഷ്ടി. സാധാരണയായി നമ്മൾ കാണുന്ന കാറുകളുടെ രൂപത്തിന് വിപരീതമായി, അമിതമായി വീർപ്പിച്ച രീതിയിലാണ് ഈ വോക്സ്വാഗൺ കാർ ശില്പം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അജീവിയായ ഒരു യന്ത്രത്തിന് (കാർ) ജീവനുള്ള ഒരു മനുഷ്യന്റെ അമിതവണ്ണവും രൂപമാറ്റവും നൽകുമ്പോൾ സന്ദർശകരിൽ ഉണ്ടാകുന്ന കൗതുകവും, അത് സ്വയം വിലയിരുത്തലിലേക്ക് (Self-reflection) വഴിമാറുന്നതുമാണ് ഇർവിൻ വുർമിന്റെ ശില്പകലയുടെ പ്രധാന പ്രത്യേകത.
ആധുനിക സമൂഹത്തിന്റെ അമിതമായ ഉപഭോഗ സംസ്കാരത്തെയും ഭൗതിക ആസക്തികളെയും തമാശ കലർന്ന രീതിയിൽ വിമർശിക്കുകയാണ് ഈ ശില്പത്തിലൂടെ ആർട്ടിസ്റ്റ് ചെയ്യുന്നത്.
അലുമിനിയത്തിൽ നിർമ്മിച്ച് ആകർഷകമായ പിങ്ക് ലാക്കർ പെയിന്റ് നൽകിയിട്ടുള്ള ഈ ശില്പം, ആഡംബര വസ്തുക്കളോടുള്ള മനുഷ്യന്റെ അമിതമായ കമ്പത്തെയും വർത്തമാനകാലത്തെ ഉപഭോഗ രീതികളുടെ സുസ്ഥിരതയെയും ചോദ്യം ചെയ്യുന്നു.
"പൊതു ഇടങ്ങളിലേക്ക് ആശയസമ്പുഷ്ടമായ കലകളെ എത്തിച്ചുകൊണ്ട് ജനങ്ങളിൽ ചിന്തകളും സംവാദങ്ങളും ഉണർത്താനാണ് ഖത്തർ മ്യൂസിയംസ് ശ്രമിക്കുന്നത്. 'പിങ്ക് കൺവേർട്ടബിൾ ബിഗ്' പ്ലേസ് വെൻഡോമിൽ പ്രദർശിപ്പിക്കുന്നതിലൂടെ, നമ്മുടെ ഉപഭോഗ സംസ്കാരത്തെ പുനർചിന്തനം ചെയ്യാൻ ഈ ശില്പം നമ്മെ ക്ഷണിക്കുന്നു. ലോകോത്തര കലകളെ ഏവർക്കും പ്രാപ്യമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് അൽ റിവാഖ്, പബ്ലിക് ആർട്ട് & റുബാഇയ ഖത്തർ
ഡെപ്യൂട്ടി സി.ഇ.ഒഷെയ്ഖ റീം അൽ താനിപറഞ്ഞു.
ആധുനിക ലോകത്ത് ഭൗതിക സംസ്കാരത്തോടും പ്രകൃതി സംരക്ഷണത്തോടുമുള്ള നമ്മുടെ നിലപാടുകളെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്ന ഈ കലാസൃഷ്ടി കാണാൻ നിരവധി ആളുകളാണ് പ്ലേസ് വെൻഡോമിലേക്ക് എത്തുന്നത്.











