02:21pm 12 November 2026
NEWS
അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാനും ഭിന്നശേഷി വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഉറപ്പാക്കാനും ഖത്തർ; മന്ത്രാലയം ശില്പശാല സംഘടിപ്പിച്ചു
03/05/2026  08:23 PM IST
nila
അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാനും ഭിന്നശേഷി വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഉറപ്പാക്കാനും ഖത്തർ; മന്ത്രാലയം ശില്പശാല സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിപുലമായ ശില്പശാല സംഘടിപ്പിച്ചു. ലുസൈൽ സർവകലാശാലയുടെ സഹകരണത്തോടെ നടന്ന ശില്പശാലയിൽ രാജ്യത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ പങ്കെടുത്തു.അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രമായി ഖത്തറിനെ മാറ്റുക, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ അക്കാദമിക്-വൊക്കേഷണൽ പരിശീലനം ഉറപ്പാക്കുക എന്നീ രണ്ട് പ്രധാന വിഷയങ്ങളിലൂന്നിയാണ് ചർച്ചകൾ നടന്നത്.നിലവിൽ 88 രാജ്യങ്ങളിൽ നിന്നായി 1,024 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഖത്തറിൽ സ്പോൺസർഷിപ്പിന് കീഴിൽ പഠിക്കുന്നുണ്ട്. ഇതിൽ പകുതിയോളം പേർ ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള സ്ഥാപനങ്ങളിലാണെന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപന വകുപ്പ് ഡയറക്ടർ ഡോ. ബതൂൽ ഹാഷിം അൽ സയ്യിദ് വ്യക്തമാക്കി.51-ാമത് അറബ് ബധിര വാരത്തോട് അനുബന്ധിച്ചാണ് ഈ ശില്പശാല സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തുല്യമായ അവസരങ്ങൾ നൽകുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുമെന്നും നയങ്ങളും പ്രായോഗിക പ്രവർത്തനങ്ങളും തമ്മിലുള്ള വിടവ് നികത്തുമെന്നും അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹരേബ് അൽ ജാബ്രി പറഞ്ഞു.ഹ്യൂമൻ റിസോഴ്‌സ് സൊല്യൂഷൻ കമ്പനിയായ 'ജുസൂർ', വിവിധ സർവ്വകലാശാലാ മേധാവികൾ എന്നിവർ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. രണ്ടാമത്തെ സെഷനിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ഖത്തർ യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന മികച്ച രീതികൾ അവതരിപ്പിച്ചു. 2024-2025 അധ്യയന വർഷത്തിൽ മാത്രം 315 ഭിന്നശേഷി വിദ്യാർത്ഥികൾ ഖത്തർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ടെന്ന് സെന്റർ ഫോർ ഇൻക്ലൂഷൻ ആൻഡ് സപ്പോർട്ട് ഡയറക്ടർ ഹയ അഹമ്മദ് അൽ കുവാരി അറിയിച്ചു.മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ലുസൈൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫ. ഡോ. നിസാം മുഹമ്മദ് ഹിന്ദി ഉൾപ്പെടെയുള്ള പ്രമുഖ അക്കാദമിക് വിദഗ്ധരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദേശ ബിരുദങ്ങളുടെ തുല്യത ഉറപ്പാക്കുന്നതിനും അഡ്മിഷൻ നടപടികൾ ലളിതമാക്കുന്നതിനുമുള്ള പുതിയ മാർഗനിർദ്ദേശങ്ങളും ശില്പശാലയിൽ ചർച്ചയായി.
​

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img