
ദോഹ: ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ വെച്ച് നടന്ന പ്രമുഖ അന്താരാഷ്ട്ര റെയിൽവേ സമ്മേളനമായ 'യുകെ റെയിൽ 2026'-ൽ (UK Rail 2026) ഖത്തർ ഗതാഗത മന്ത്രാലയം പങ്കാളികളായി. ബർമിംഗ്ഹാമിലെ നാഷണൽ എക്സിബിഷൻ സെന്ററിൽ (NEC) നടന്ന ദ്വിദിന സമ്മേളനം വ്യാഴാഴ്ചയാണ് സമാപിച്ചത്. ഗതാഗത രംഗത്തെ ആഗോള പങ്കാളിത്തം ശക്തമാക്കുന്നതിനും ഈ മേഖലയിലെ പുത്തൻ നയങ്ങളും പ്രവണതകളും മനസ്സിലാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം.
ഗതാഗത മേഖലയിലെ അന്താരാഷ്ട്ര സഹകരണം വിപുലമാക്കുക, ഖത്തറിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഉഭയകക്ഷി ചർച്ചകൾ നടത്തുക, ആഗോള വിദഗ്ധരുമായി പരിചയസമ്പത്ത് പങ്കുവെക്കുക എന്നിവയാണ് ഇത്തരം രാജ്യാന്തര മേളകളിൽ പങ്കെടുക്കുന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
യുകെയിലെ റെയിൽവേ മേഖലയിലെ പ്രമുഖർ, പ്രൊജക്റ്റ് ഓപ്പറേറ്റർമാർ, നിർമാതാക്കൾ (OEMs), സാങ്കേതികവിദ്യാ ദാതാക്കൾ എന്നിവർ ഒത്തുചേർന്ന സമ്മേളനത്തിൽ റെയിൽവേ രംഗത്തെ സുപ്രധാന വിഷയങ്ങൾ ചർച്ചയായി. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തൽ (Customer experience), ഡിജിറ്റൽ നവീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സുസ്ഥിര വികസനം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ (Decarbonization) എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. ഇതിനുപുറമേ സിഗ്നലിംഗ് സംവിധാനങ്ങൾ, സ്മാർട്ട് റെയിൽ നിയന്ത്രണ-നിരീക്ഷണ സംവിധാനങ്ങൾ, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഫണ്ടിംഗ്, റെയിൽ ആസ്തി മാനേജ്‌മെന്റ് എന്നിവയും ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു.
റെയിൽവേ രംഗത്തെ വെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താനും, ലോകോത്തര കമ്പനികളുമായി പ്രൊഫഷണൽ ശൃംഖലകൾ കെട്ടിപ്പടുക്കാനും റെയിൽവേ വിതരണ ശൃംഖലയിലെ മുഴുവൻ പങ്കാളികൾക്കും മികച്ചൊരു വേദിയാണ് യുകെ റെയിൽ 2026 ഒഴുക്കിയത്.











