
ദോഹ: ഖത്തറിലെ കരഗതാഗത മേഖലയിലെ ഗവേഷണവും അടിസ്ഥാനസൗകര്യ വികസനവും ശക്തിപ്പെടുത്തുന്നതിനായി ഗതാഗത മന്ത്രാലയവും (MOT) ഖത്തർ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
ഗതാഗത മന്ത്രാലയം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ലാന്റ് ട്രാൻസ്പോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ അബ്ദുള്ള സൈഫ് അൽ സുലൈത്തിയും, ഖത്തർ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ചെയർപേഴ്സൺ എഞ്ചിനീയർ ആമ്ന മുഹമ്മദ് അൽ നാമയും കരാറിൽ ഒപ്പുവെച്ചു.ഗതാഗത മന്ത്രാലയത്തിലെ ലാന്റ് ട്രാൻസ്പോർട്ട് അഫയേഴ്സിൽ എഞ്ചിനീയറിംഗ് തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിപുലമായ പരിശീലന പരിപാടികൾ ലഭ്യമാക്കും.
ഖത്തർ നാഷണൽ വിഷൻ 2030, ദേശീയ വികസന തന്ത്രം (National Development Strategy) എന്നിവ മുൻനിർത്തി രാജ്യത്തെ ഗതാഗത ശൃംഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും നവീകരണങ്ങൾ നടപ്പിലാക്കാനും ഈ പങ്കാളിത്തം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.











